സന്തോഷത്തിൽ മുന്നിൽ സ്ത്രീകൾ, പുരുഷന്മാരിൽ 35 ശതമാനം: സർക്കാർ ഓഫീസിലെ 'സന്തോഷ' വിവരം

Saturday 20 July 2024 3:59 PM IST

കൊച്ചി: ''3.55 പോയിന്റെ ഹാപ്പിയായുള്ളു... കണക്ക് നല്ലതാ.. മെച്ചപ്പെടുത്തണം.."" ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ വാക്കുകളാണിത്. കാക്കനാട് സിവിൽ സ്‌റ്റേഷനിലെ ജീവനക്കാർക്കിടയിൽ സാമ്പത്തിക സ്ഥിതിവിവര വകുപ്പ് നടത്തിയ ഹാപ്പിനെസ് സർവേ റിപ്പോർട്ട് പ്രസിദ്ധീകരണ വേദിയിലാണ് കളക്ടറുടെ നിർദ്ദേശം.

ആകെയുള്ള അഞ്ച് പോയിന്റിലാണ് 3.55 ശതമാനം പേർ തങ്ങളുടെ തൊഴിലിടങ്ങളിൽ സന്തുഷ്ടരാണെന്ന് വ്യക്തമായത്. സിവിൽ സ്‌റ്റേഷനിൽ ആകെയുള്ള 37 ഓഫീസുകളിലെ ജീവനക്കാരിലായിരുന്നു സർവേ. ജീവനക്കാരിലേറെയും അതിസന്തുഷ്ടരല്ലെന്നും തരക്കേടില്ലാതെ മുന്നോട്ടെന്നും സർവേ റിപ്പോർട്ട്. 13.41 ശതമാനം പേർ മാത്രമാണ് അതിസന്തുഷ്ടർ. 41.06 ശതമാനം പേർ സന്തുഷ്ടർ. ഒരു ശതമാനത്തിലേറെപ്പേർക്ക് ഒരു തരത്തിലുള്ള സന്തോഷവും തൊഴിലിടത്തിലില്ല.

തൊഴിലിടത്തിലെ സന്തോഷത്തിൽ മുന്നിൽ സ്ത്രീകളാണ്. ആകെയുള്ള 63 ശതമാനം സ്ത്രീകളിൽ 44.3 % സന്തുഷ്ടരായപ്പോൾ 37 ശതമാനമുള്ള പുരുഷന്മാരിൽ 35.23 % പേരാണ് സന്തുഷ്ടർ. നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരേക്കാൾ സന്തോഷം ഗസറ്റഡ് ഉദ്യോഗസ്ഥർക്കും. പുരുഷന്മാരിൽ 14.77 ശതമാനവും സ്ത്രീകളിൽ 12.66 ശതമാനവും അതീവസന്തുഷ്ടരാണ്. ഇരുവിഭാഗങ്ങളിലും യഥാക്രമം 1.27,​ 1.14 ശതമാനം പേർ അസന്തുഷ്ടരാണ്.

ഏറ്റവുമധികം സന്തോഷവാന്മാരുള്ളത് ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പിലാണ് അഞ്ചിൽ 4.50. ഏറ്റവും കുറവ് ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസിൽ, രണ്ട് ശതമാനം. 37 ഓഫീസുകളിൽ നിന്നുള്ള 246 ജീവനക്കാരിൽ നിന്നുമാണ് സാമ്പിൾ സർവേ നടത്തിയത്. ഓരോ ഓഫീസിലെയും 20 ശതമാനം പേരെയാണ് പരിഗണിച്ചത്. ഇതിൽ 30 ശതമാനം ഗസറ്റഡ് ഉദ്യോഗസ്ഥരും 70 ശതമാനം നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരും. ഓഫീസ് മേധാവികളെയും സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


''വ്യക്തിജീവിതത്തിൽ സന്തോഷമുണ്ടെങ്കിലേ തൊഴിലിടങ്ങളിലും സന്തോഷത്തോടെ പ്രവർത്തിക്കാനാകൂ. തൊഴിലിടങ്ങളിൽ സന്തോഷവാന്മാരാണോയെന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തണം.
എൻ.എസ്.കെ. ഉമേഷ്
ജില്ലാ കളക്ടർ

സിവിൽ സ്‌റ്റേഷനിലെ 'സന്തോഷ" വിവരം
(ശതമാനക്കണക്കിൽ)

അതീവ സന്തുഷ്ടർ- 13.41

സന്തുഷ്ടർ- 41.06

ചിലപ്പോൾ മാത്രം സന്തുഷ്ടർ- 6.50

തൃപ്തികരം- 37.80

അസന്തുഷ്ടർ- 1.22

സ്ത്രീ സന്തുഷ്ടർ- 63 ശതമാനം

പുരുഷ സന്തുഷ്ടർ- 37 ശതമാനം

 സന്തോഷത്തിൽ മുന്നിലുള്ള വകുപ്പുകൾ

ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ്

ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്

കോ-ഓപ്പറേറ്റീവ് സൊസൈറ്റി

ഡയറി ഡെവലപ്‌മെന്റ് ഡിപ്പാർട്‌മെന്റ്

സിവിൽ സപ്ലൈസ്

Advertisement
Advertisement