കേരള സ്മാർട്ട് മീറ്റർ - വരുന്നത് അധികബിൽ തുക, 1226 കോടിയുടെ കേന്ദ്രസബ്‌സിഡി കിട്ടില്ല

Sunday 21 July 2024 4:12 AM IST

തിരുവനന്തപുരം: കേന്ദ്ര പദ്ധതി തള്ളി കേരളം സ്വന്തമായി സ്മാർട്ട് മീറ്റർ സ്ഥാപിക്കുമ്പോഴുള്ള അധിക ബാദ്ധ്യത പൊതുജനങ്ങളുടെ ചുമലിലാവും. 8205 കോടി രൂപ സ്മാർട്ട് മീറ്ററിന് കേന്ദ്ര സഹായം കിട്ടും. പക്ഷേ,​ കേന്ദ്ര മാതൃക നടപ്പാക്കാത്തതിനാൽ 15 ശതമാനം സബ്സിഡി കിട്ടില്ല. നഷ്ടപ്പെടുന്ന സബ്സിഡിത്തുക 1226 കോടിയാണ്.ഈ തുക കൂടി വൈദ്യുതി ബില്ലിൽ ജനങ്ങൾ നൽകേണ്ടിവരും.

ആദ്യഘട്ടത്തിൽ സർക്കാർ സ്ഥാപനങ്ങൾക്കും വൻകിട വ്യവസായങ്ങൾക്കുമാണ് സ്മാർട്ട് മീറ്റർ. മൂന്നു ലക്ഷം കണക്ഷൻ വരുമിത്. ചെലവ് മുഴുവൻ ഉപഭോക്താക്കളും വഹിക്കണം. കേന്ദ്ര പദ്ധതിയിൽ,​ സ്മാർട്ട് മീറ്റർ വച്ചവർക്കേ ബാദ്ധ്യത വരുമായിരുന്നുള്ളൂ.

277 കോടിയാണ് ഒന്നാംഘട്ടത്തിലെ ചെലവ്. ഇത് കെ.എസ്.ഇ.ബി നൽകിയ ശേഷം മുഴുവൻപേരുടെയും വൈദ്യുതി ബില്ലിൽ ഉൾപ്പെടുത്തും. രണ്ടാംഘട്ടത്തിലാണ് ഗാർഹിക ഉപഭോക്താക്കൾക്ക് സ്ഥാപിക്കുക.

2025 ഡിസംബർ 31നകം പദ്ധതി തുടങ്ങിയിരിക്കണം. സ്മാർട്ട് മീറ്റർ വാങ്ങാനും സോഫ്റ്റ് വെയർ അടക്കമുള്ള സംവിധാനങ്ങൾക്കും പ്രത്യേകം ടെൻഡർ വിളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2023 നവംബർ ആറിനാണ് മൂന്ന് ലക്ഷം സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ തീരുമാനിച്ചത്.

വായ്പാഭാരം ജനങ്ങളിലേക്ക്

1.കെ.എസ്.ഇ.ബി പദ്ധതി നടപ്പാക്കുന്നത് വായ്പ എടുത്താണ്. ഈ തുകയും പലിശയും ബോർഡിലെ ചെലവുകണക്കിൽ റെഗുലേറ്ററി കമ്മിഷന്റെ മുന്നിലെത്തും. അതോടെ താരിഫ് വർദ്ധിപ്പിക്കും. വൻകിട വ്യവസായശാലകളിലടക്കം സ്മാർട്ട് മീറ്റർ വച്ചതിന്റെ ഭാരം സാധാരണക്കാർ വഹിക്കേണ്ടിവരും.

2. കേന്ദ്ര പദ്ധതിയിൽ മീറ്ററിന്റെയും​ ഏകോപിപ്പിക്കുന്ന സോഫ്റ്റ് വെയറിന്റേയും ചെലവും അഞ്ച് വർഷത്ത മെയിന്റനൻസും കരാർ കമ്പനിക്കാണ്.കേന്ദ്ര സബ്സിഡി കിഴിച്ചുള്ള മീറ്ററിന്റെ വില മാത്രം ഉപഭോക്താക്കൾ തവണകളായി നൽകിയാൽ മതി.

3.കെ.എസ്.ഇ.ബി കേരള മോഡലായ കാപെക്സ് (ക്യാപിറ്റൽ എക്സ്‌പെൻഡിച്ചർ) നടപ്പാക്കുമ്പോഴും മീറ്റർ വാങ്ങേണ്ടത് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുതന്നെ. എൽ.ആൻഡ്.ടി ഉൾപ്പെടെ 35 സ്വകാര്യ കമ്പനികളാണ് സ്മാർട്ട് മീറ്റർ നിർമ്മിക്കുന്നത്. എൽ.ആൻഡ്. ടിയുടെ മീറ്ററിന് 2922 രൂപയും പോളാരിസിന്റേതിന് 9300 രൂപയുമാണ് വില.

4. കെ.എസ്.ഇ.ബി മീറ്റർ വാങ്ങുന്നത് ഒരു കമ്പനിയിൽ നിന്നും സാേഫ്ട് വെയർ വാങ്ങുന്നത് മറ്റൊരു കമ്പനിയിൽ നിന്നുമായിരിക്കും. ഈ പൊരുത്തക്കേട് കാരണം ഉണ്ടാകുന്ന പൊല്ലാപ്പുകൾ ചില്ലറയല്ല. കേന്ദ്രപദ്ധതിയിൽ ഇതു രണ്ടും ഒരു കമ്പനിയാണ് ചെയ്യുന്നത്.

Advertisement
Advertisement