ജാഗ്രതയോടെ നേരിടാം, വീണ്ടും നിപ ; മലപ്പുറത്തെ 14കാരന് സ്ഥിരീകരിച്ചു, 214 പേർ നിരീക്ഷണത്തിൽ

Sunday 21 July 2024 4:44 AM IST

60 പേർ ഹൈറിസ്ക് വിഭാഗത്തിൽ

മലപ്പുറം: ആശങ്കയുയർത്തി കേരളത്തിൽ വീണ്ടും നിപ ബാധ. മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള കുട്ടിയുടെ നില അതീവ ഗുരുതരമാണ്. അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിക്ക് പനിയുള്ളതിനാൽ സാമ്പിൾ പരിശോധനയ്ക്കയച്ചു.

മൂന്നുബന്ധുക്കളും മുൻപ് ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്റൈനിൽ പ്രവേശിച്ചു. നേരിട്ട് സമ്പർക്കത്തിലായ 60 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കും. ഇവർ ഹൈ റിസ്ക് വിഭാഗത്തിലാണ്. 214പേർ നിരീക്ഷണത്തിലാണ്. സമ്പർക്കപ്പട്ടികയിലുള്ളവരെ ക്വാറന്റൈനിലേക്ക് മാറ്റും.

പൂനെ വൈറോളജി ലാബിലെ പരിശോധനയിലും സംസ്ഥാനത്ത് നടത്തിയ പരിശോധനയിലുമാണ് നിപ സ്ഥിരീകരിച്ചതെന്ന് ജില്ലയിൽ ക്യാമ്പുചെയ്യുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

രോഗം സ്ഥിരീകരിച്ച പാണ്ടിക്കാട് പഞ്ചായത്തിന്റെ മൂന്ന് കിലോമീറ്റർ പരിധിയിൽ ജാഗ്രതാ നിർദ്ദേശം നൽകി. കുട്ടി പഠിച്ച വിദ്യാലയം ഉൾപ്പെടുന്ന ആനക്കയം പഞ്ചായത്തിലും നിയന്ത്രണങ്ങളേർപ്പെടുത്തും.

ചികിത്സയ്ക്കാവശ്യമായ മോണോക്ലോണൽ ആന്റി ബോഡി പൂനെ വൈറോളജി ലാബിൽ നിന്നു അയച്ചിട്ടുണ്ട്. ഇത് ഇന്ന് രാവിലെയെത്തും. മറ്റ് മരുന്നുകളും മാസ്‌ക്, പി.പി.ഇ കിറ്റ്, പരിശോധനാ കിറ്റുകൾ തുടങ്ങിയവയും എത്തിക്കാൻ കെ.എം.എസ്.സി.എല്ലിന് നിർദ്ദേശം നൽകി.

അമ്പഴങ്ങ കഴിച്ചു?

വൈറസ് ബാധ ഉണ്ടായതെങ്ങനെയെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. കുട്ടി ഏതാനും ദിവസം മുമ്പ് അമ്പഴങ്ങ കഴിച്ചുവെന്ന് സംശയമുണ്ട്. 10ന് പനി ബാധിച്ച കുട്ടിക്ക് 12ന് പാണ്ടിക്കാടുള്ള സ്വകാര്യ ക്ലിനിക്കിലും 13ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15ന് ഇതേ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു. പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും 19ന് രാത്രി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

ഐസൊലേഷൻ

റൂമുകൾ സജ്ജം

മഞ്ചേരി മെഡിക്കൽ കോളേജിൽ 30 ഐസൊലേഷൻ റൂമുകളും ആറ് ബെഡ്ഡുകളുള്ള ഐ.സി.യുവും സജ്ജീകരിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും ഓൺലൈനിലുമായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.

കൺട്രോൾ സെൽ തുറന്നു

മലപ്പുറം പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെൽ ആരംഭിച്ചിട്ടുണ്ട്. 0483-2732010, 0483-2732050, 0483-2732060, 0483-2732090 ആണ് കൺട്രോൾ റൂം നമ്പറുകൾ.

അഞ്ചാം വരവ്

അഞ്ചാം തവണയാണ് നിപ കേരളത്തെ ഭീതിയിലാക്കുന്നത്. 2018ലായിരുന്നു തുടക്കം. അന്ന് 19 പേരിൽ സിസ്റ്റർ ലിനി ഉൾപ്പെടെ 17 പേരാണ് മരിച്ചത്. 2021ൽ ഒരാളും, 2023 രണ്ടുപേരും മരിച്ചു. മൂന്ന് തവണയും കോഴിക്കോടിനെ പിടിച്ചുലച്ചു. 2019 ജൂണിൽ എറണാകുളത്ത് എൻജി.വിദ്യാർത്ഥിക്ക് രോഗം ബാധിച്ചെങ്കിലും രക്ഷപ്പെട്ടു.


പൊതുജനങ്ങൾ മാസ്‌ക് ധരിക്കണം. ഭയപ്പെടേണ്ട സാഹചര്യമില്ല. വേണ്ടത് ജാഗ്രതയാണ്

വീണ ജോർജ്, ആരോഗ്യമന്ത്രി

Advertisement
Advertisement