'ഘടകകക്ഷി' നേതാക്കളുടെ ജോലി തട്ടിപ്പിൽ അന്വേഷണം

Saturday 20 July 2024 10:07 PM IST

 റെയിൽവേ മുതൽ മിൽമവരെ

കൊച്ചി: റെയിൽവേയിലും കേന്ദ്ര സർക്കാരിനു കീഴിലെ വിവിധ കോർപ്പറേഷനുകളിലും ജോലിയും ബോർഡ് അംഗത്വവും വാഗ്ദാനം ചെയ്ത് സംസ്ഥാനത്തെമ്പാടും തട്ടിപ്പ്. കേന്ദ്ര ഭരണമുന്നണിയിലെ ഒരു ഘടകകക്ഷിയിലെ മലയാളിയായ ദേശീയ നേതാവിനെയും സംസ്ഥാന യുവജനവിഭാഗം പ്രസിഡന്റിനെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. കോടികളുടെ തട്ടിപ്പ് നടന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.

കഴിഞ്ഞ മാസം ആലപ്പുഴ കായംകുളം സ്വദേശിയും എറണാകുളം പാലാരിവട്ടം സ്വദേശിനിയും നൽകിയ പരാതികളിലാണ് നടപടി. കോട്ടയം സ്വദേശിനിയായ 50കാരിയും ആലപ്പുഴ സ്വദേശിയായ 35കാരനുമാണ് പ്രതികൾ. 35 ലക്ഷത്തോളം രൂപ തട്ടിയതായി ദേശീയ നേതാവിനെതിരെ കായംകുളം സ്വദേശി നൽകിയ പരാതിയിൽ പറയുന്നു. ദേശീയ നേതാവ് 15 ലക്ഷം തട്ടിയെന്നാണ് പാലാരിവട്ടം സ്വദേശിനിയുടെ പരാതി.

കടവന്ത്രപൊലീസ് തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസുകളെടുത്തു. പ്രാഥമിക അന്വേഷണത്തിനു ശേഷം ഒരു കേസ് എറണാകുളം സെൻട്രൽ സ്റ്റേഷനും ഇടപ്പള്ളി സ്വദേശിനിയുടെ കേസ് പാലാരിവട്ടം പൊലീസിനും കൈമാറി.

തട്ടിപ്പ് പലവിധം

റെയിൽവേയ്ക്ക് പുറമേ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്, മിൽമ, ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, സെൻസർ ബോർഡ് എന്നിവിടങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയിട്ടുണ്ട്. എഴുത്തുകുത്തുകൾക്കായി 15,000 രൂപയാണ് കായംകുളം സ്വദേശിയിൽ നിന്ന് ആദ്യം കൈപ്പറ്റിയത്. പിന്നീട് മൂന്ന് ലക്ഷം രൂപ കടം നൽകി വിശ്വാസം നേടിയെടുത്തു. തുടർന്ന് പരാതിക്കാരൻ പലരിൽ നിന്നായി ഒമ്പത് മുതൽ നാല് ലക്ഷം രൂപ വാങ്ങി യുവജനവിഭാഗം പ്രസിഡന്റിന് നൽകി. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ വ്യാജ നിയമന ഉത്തരവാണ് പകരം നൽകിയത്. പണം തിരികെ ആവശ്യപ്പെട്ടതോടെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി.

 പരാതി നൽകി, ഇപ്പോൾ വധഭീഷണി

സെൻസർ ബോർഡിൽ അംഗത്വം വാഗ്ദാനം ചെയ്താണ് ഘടകകക്ഷിയുടെ വനിതാ വിഭാഗം മുൻ പ്രസിഡന്റായിരുന്ന ഇടപ്പള്ളി സ്വദേശിനിയെ തട്ടിപ്പിൽ വീഴ്ത്തിയത്. ആദ്യം അഞ്ചും പിന്നീട് 10 ലക്ഷവും കൈമാറി. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. പൊലീസിൽ സമീപിച്ചതോടെ വധഭീഷണിയടക്കമുണ്ടെന്ന് അവർ കേരളകൗമുദിയോട് വെളിപ്പെടുത്തി. പാർട്ടിയിലെ നേതാക്കളുടെ പണം വാങ്ങിയുള്ള തട്ടിപ്പ് മനസിലാക്കിയതോടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു.