പ്ലാസ്റ്റിക് കിറ്റുകൾ : ഹോട്ടലുടമകളെ ഉപദ്രവിക്കരുതെന്ന് കെ.എച്ച്.ആർ.എ
കൊച്ചി: നിരോധിത പ്ലാസ്റ്റിക് കിറ്റുകൾ പരിശോധിക്കുന്നതിന്റെ പേരിൽ ഉദ്യോഗസ്ഥർ ഹോട്ടലുടമകൾക്ക് അന്യായ പിഴശിക്ഷ നൽകുകയാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ആവശ്യപ്പെട്ടു. നിരോധിത കിറ്റുകൾ ഉപയോഗിക്കരുതെന്ന് കെ.എച്ച്.ആർ.എ എല്ലാ അംഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ നിരോധിത കിറ്റുകൾ വിപണിയിൽ സുലഭമാണ്. നിരോധിത കിറ്റുകൾ നിർമ്മിക്കുകയും, വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ പരിശോധിക്കാതെ ഹോട്ടലുകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിൽ മാത്രം പരിശോധന നടത്തുന്നതിന് ന്യായീകരണമില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ സംസ്ഥാനത്തേക്ക് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വരുന്നുണ്ട്. അവ അതിർത്തിയിൽ പരിശോധിച്ച് പിടിച്ചെടുക്കുവാൻ ഉദ്യോഗസ്ഥർക്ക് കഴിയും. എന്നാൽ അതൊന്നും ചെയ്യാതെ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളാണ് ഉദ്യോഗസ്ഥർ ചെയ്യുന്നതെന്ന് കെ.എച്ച്.ആർ.എ പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും അറിയിച്ചു.