ബാങ്കുകൾക്ക് ലാഭക്കുതിപ്പ്

Sunday 21 July 2024 12:37 AM IST

കൊച്ചി: വായ്പകളുടെ പലിശ നിരക്കിലെ വർദ്ധനയുടെ കരുത്തിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസത്തിൽ രാജ്യത്തെ ബാങ്കുകളുടെ ലാഭത്തിൽ വൻകുതിപ്പ്. എച്ച്.ഡി.എഫ്.സി ബാങ്ക്, കോട്ടക് ബാങ്ക്, യെസ് ബാങ്ക്, ആർ.ബി.എൽ ബാങ്ക് തുടങ്ങിയവയെല്ലാം ഇക്കാലയളവിൽ അറ്റാദായത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി. നാണയപ്പെരുപ്പം നേരിടാനുള്ള നടപടികളുടെ ഭാഗമായി റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് വർദ്ധിപ്പിച്ചതോടെ ബാങ്കുകളുടെ ലാഭ മാർജിൻ മെച്ചപ്പെടുകയാണ്. ഇതോടൊപ്പം സാമ്പത്തിക മേഖല മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനാൽ വായ്പ വിതരണത്തിലും നിക്ഷേപ സമാഹരണത്തിലും മികച്ച വളർച്ച നേടാനും ബാങ്കുകൾക്ക് കഴിഞ്ഞു. ഇക്കാലയളവിൽ കിട്ടാക്കടങ്ങൾ ഗണ്യമായി കുറഞ്ഞതും ബാങ്കുകൾക്ക് നേട്ടമായി.

എച്ച്.ഡി.എഫ്.സി ബാങ്ക് അറ്റാദായത്തിൽ 35 ശതമാനം വർദ്ധന

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അറ്റാദായം ജൂണിൽ അവസാനിച്ച ത്രൈമാസക്കാലയളവിൽ 35 ശതമാനം ഉയർന്ന് 16,175 കോടി രൂപയായി. പലിശ വരുമാനത്തിലെ വർദ്ധനയും കിട്ടാക്കടങ്ങൾക്കായി മാറ്റിവെക്കുന്ന തുകയിലുണ്ടായ കുറവുമാണ് ബാങ്കിന്റെ ലാഭക്ഷമത ഉയർത്തിയത്. അതേസമയം ജനുവരി, മാർച്ച് പാദത്തിനേക്കാൾ അറ്റാദായത്തിൽ രണ്ട് ശതമാനം കുറവുണ്ടായി. വായ്പകളിൽ 52.6 ശതമാനവും നിക്ഷേപ സമാഹരണത്തിൽ 24.4 ശതമാനവും വളർച്ച നേടി.

കോട്ടക് ബാങ്ക് ലാഭം 79 ശതമാനം ഉയർന്നു

പ്രമുഖ സ്വകാര്യ ബാങ്കായ കോട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റാദായം കഴിഞ്ഞ മൂന്ന് മാസങ്ങളിൽ 79 ശതമാനം ഉയർന്ന് 7,448 കോടി രൂപയിലെത്തി. മുൻവർഷം ഇക്കാലയളവിൽ ബാങ്കിന്റെ അറ്റാദായം 4,150 കോടി രൂപയായിരുന്നു. കോട്ടക് ഇൻഷ്വറൻസിന്റെ 70 ശതമാനം ഓഹരികൾ സൂറിച്ചിന് വില്പന നടത്തിയ ഇനത്തിൽ ലഭിച്ച തുകയും അറ്റാദായം കൂടാൻ സഹായിച്ചു. പലിശ വരുമാനത്തിൽ പത്ത് ശതമാനവും പലിശ ഇതര വരുമാനം 23 ശതമാനവും ഉയർന്നു.

യെസ് ബാങ്ക് അറ്റാദായം 502 കോടി രൂപ

ജൂൺ പാദത്തിൽ പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ അറ്റാദായം 47 ശതമാനം ഉയർന്ന് 502 കോടി രൂപയായി. പലിശ വരുമാനത്തിലുണ്ടായ മികച്ച വർദ്ധനയും കിട്ടാക്കടങ്ങൾ കുറഞ്ഞതുമാണ് ലാഭക്ഷമത ഉയർത്തിയത്. അതേസമയം കിട്ടാക്കടങ്ങളുടെ പേരിൽ മാറ്റിവെക്കുന്ന തുകയിൽ കുറവുണ്ടായതും ലാഭം കൂടാൻ സഹായിച്ചു.