നെടുംകുന്ന്മല ടൂറിസം പദ്ധതിക്ക് 3.5 കോടിയുടെ അനുമതി

Sunday 21 July 2024 12:45 AM IST

അടൂർ : ഏറത്ത് പഞ്ചായത്തിലെ നെടുംകുന്ന്മല ടൂറിസം പദ്ധതിക്ക് ഭരണാനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ അറിയിച്ചു. 2023 - 24 സാമ്പത്തിക വർഷ ബഡ്ജറ്റ് നിർദ്ദേശത്തിൽ ഡെപ്യൂട്ടി സ്പീക്കർ നൽകിയിരുന്ന നിർദ്ദേശ പദ്ധതിക്കാണ് ടൂറിസം വകുപ്പ് മൂന്നരക്കോടി രൂപ വകയിരുത്തി അനുമതി നൽകിയത്. അഞ്ചുവർഷം മുമ്പ് പദ്ധതിക്ക് അനുമതി ലഭിച്ചിരുന്നുവെങ്കിലും റവന്യൂ പുറമ്പോക്കിൽ ഉൾപ്പെട്ട രണ്ടര ഏക്കറോളം ഭൂമി പദ്ധതിക്കായി കൈമാറി ലഭിക്കുന്നതിൽ ഉണ്ടായ കാലതാമസം തടസമാകുകയായിരുന്നു. റവന്യൂ ഭൂമി മറ്റു വകുപ്പുകൾക്ക് ഉപാധിയില്ലാതെ കൈമാറ്റം ചെയ്യേണ്ടതില്ലായെന്ന വകുപ്പ് തല തീരുമാനം പദ്ധതിക്ക് വിനയായി. പ്രശ്നംപരിഹരിക്കുന്നതിന് ഡെപ്യൂട്ടി സ്പീക്കറുടെ അഭ്യർത്ഥന പ്രകാരം, റവന്യൂ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ റവന്യൂ സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന പ്രത്യേകയോഗം പദ്ധതിക്കായി പാട്ട വ്യവസ്ഥയിൽ സ്ഥലം നൽകാൻ തീരുമാനമെടുത്തു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് പ്രതിവർഷം 1.7 ലക്ഷം രൂപ വ്യവസ്ഥയിൽ 30 വർഷത്തെ പാട്ട കാലാവധിക്കാണ് ഭൂമി റവന്യു വകുപ്പ് നൽകിയത്. ചെലവുകൾ പദ്ധതിയുടെ നടത്തിപ്പിൽ നിന്ന് കണ്ടെത്തണമെന്നും ലഭിക്കുന്ന നിശ്ചിത വരുമാനം സർക്കാരിലേക്ക് ഒടുക്കണമെന്നുമുള്ള വ്യവസ്ഥകളോടെയാണ് പാട്ട ഉത്തരവ് അനുവദിച്ചിട്ടുള്ളത്.

മലഞ്ചരുവിലെ മനോഹാരിത

മലമുകളിൽ എത്താൻ ഹാൻഡ് റെയിലുകളുള്ള രണ്ടര മീറ്റർ വീതിയുള്ള നടപ്പാത, ബയോ ടോയ്ലറ്റുകൾ, ലാൻഡ് സ്കേപ്പിംഗ്, ദൂരക്കാഴ്ചയ്ക്കായി 12 മീറ്ററോളം ഉയരമുള്ള രണ്ടു വാച്ച് ടവറുകൾ, കളിസ്ഥലം, പാർക്കിംഗ് ഏരിയ, അഡ്മിനിസ്ട്രേഷൻ, ഇൻഫർമേഷൻ ബ്ലോക്കുകൾ, സ്നാക്ക് ബാർ, ലൈറ്റ് ആൻഡ് സൗണ്ട് ഷോ.

ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ പദ്ധതി പൂർത്തീകരിക്കും. ടൂറിസംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഇതിനായി നിർദ്ദേശം നൽകി.

ചിറ്റയം ഗോപകുമാർ,

ഡെപ്യൂട്ടി സ്പീക്കർ