മുത്തൂർ ആൽത്തറ - തേട്ടാണശേരി റോഡ് തകർന്നു. വെള്ളക്കെട്ടാണ്, വീഴരുത്

Sunday 21 July 2024 12:48 AM IST

മുത്തൂർ : മുത്തൂർ ആൽത്തറ - തേട്ടാണശേരി റോഡിന്റെ തകർച്ച യാത്രക്കാർക്ക് ദുരിതമായി. മഴ വെള്ളം കെട്ടിക്കിടക്കുന്ന റോഡിലൂടെ കാൽനടയാത്ര പോലും ദുസഹമാണ്. നഗരസഭ 39 ാം വാർഡിലെ പ്രധാന റോഡായിട്ടും തകർച്ച പരിഹരിക്കാൻ ശ്രമങ്ങളുണ്ടാകുന്നില്ല. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ടാറിംഗ് ഇളകി കുഴികൾ രൂപപ്പെടുകയാണ്. വഴിയോരത്തെ അനധികൃത നിർമ്മാണങ്ങളും വെള്ളക്കെട്ടിന് കാരണമാകുന്നതായി പ്രദേശവാസികൾ പറഞ്ഞു. മഴക്കാലത്ത് ഇരുചക്രവാഹനയാത്രക്കാർ കുഴിയിൽ വീണ് അപകടത്തിൽപ്പെടാറുണ്ട്. പെരുന്തുരുത്തി, പന്നിക്കുഴി, വേങ്ങൽ, അഴിയിടത്തുച്ചിറ, മന്നങ്കരച്ചിറ എന്നിവിടങ്ങളിൽ നിന്ന് എം.സി റോഡിലേക്കുള്ള എളുപ്പമാർഗം കൂടിയാണ് ഇൗ റോഡ്. നഗരസഭയുടെ ഉടമസ്ഥതയിലാണിത്. പരാതിയുമായി നഗരസഭ അധികൃതരെ സമീപിച്ച പ്രദേശവാസികളെ ഫണ്ടില്ലായെന്ന കാരണം പറഞ്ഞ് അധികൃതർ മടക്കി അയക്കുകയായിരുന്നു. നവീകരണ പ്രവർത്തനങ്ങൾ കാലങ്ങളായി നടക്കാറില്ല. യഥാസമയം അറ്റകുറ്റപ്പണി നടക്കാത്തത് ആണ് റോഡിന്റെ തകർച്ചയ്ക്ക് കാരണം. സമീപത്തെ വീടുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളവും റോഡിലാണ് നിറയുന്നത്. ഇരുവശവും മതിൽക്കെട്ടുകളായതിനാൽ ഒലിച്ചുപോകാതെ റോഡിൽ വെള്ളം കെട്ടിക്കിടക്കും. താഴ്ന്ന പ്രദേശമായതിനാൽ മഴ ശക്തമായാൽ റോഡ് പൂർണമായും മുങ്ങും.

ഒാടയില്ലാത്തത് കാരണം

ഒാടയില്ലാത്തതാണ് റോഡിലെ വെള്ളക്കെട്ടിനുള്ള പ്രധാന കാരണം. ഇരുവശങ്ങളിലുമുള്ള വീടുകളിൽ നിന്നും പുരയിടങ്ങളിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം റോഡിൽ കെട്ടിക്കിടക്കുകയാണ്. റോഡ് ഉയർത്തി നിർമ്മിച്ചെങ്കിൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ.

അറ്റകുറ്റപ്പണി വൈകുന്നു, ഫണ്ടില്ലെന്ന് നഗരസഭ, കാൽനടയാത്ര പോലും ദുഷ്കരം