@ സെെബറിടത്തിൽ പുത്തൻ തട്ടിപ്പ് 'ഡിജിറ്റൽ അറസ്റ്റിൽ' വീഴല്ലേ..
കോഴിക്കോട്: സെെബറിടത്തെ ന്യൂജൻ വെല്ലുവിളിയായി 'ഡിജിറ്റൽ അറസ്റ്റ്. എ.ഐ സാങ്കേതിക വിദ്യ കൂട്ടുപിടിച്ചാണ് പൊലീസ്, ക്രെെംബ്രാഞ്ച് തുടങ്ങി വിവിധ അന്വേഷണ ഏജൻസികളെന്ന വ്യാജേന തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തിൽ കോടികൾ നഷ്ടമായ രണ്ട് കേസുകളാണ് സിറ്റി സൈബർ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സമാന രീതിയിൽ വേറെയും പരാതികൾ ജില്ലയിലെ പല സ്‌റ്രേഷനുകളിലും ലഭിക്കുന്നതായി കോഴിക്കോട് സൈബർ പൊലീസ് അറിയിച്ചു.
@ ഒന്നരക്കോടി പോയ കഥ വെർച്വൽ അറസ്റ്റിലായെന്ന് പറഞ്ഞാണ് കോഴിക്കോട് സ്വദേശിയിൽ നിന്ന് ഒന്നരക്കോടിയോളം തട്ടിയെടുത്തത്. മുംബയിലെ സി.ബി.ഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ഫോൺ കോളിലൂടെയും പിന്നീട് വാട്‌സ് ആപ്പ് വഴിയും പരാതിക്കാരനെ ബന്ധപ്പെട്ടു. പരാതിക്കാരന്റെ പേരിൽ മുംബയിലുള്ള ബാങ്ക് അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നെന്നായിരുന്നു ആരോപണം. വിശ്വാസ്യതയ്ക്കായി സി.ബി.ഐ ചിഹ്നങ്ങളുള്ള വ്യാജ കത്തുകളും കോടതി വാറണ്ട് രേഖകളും അയച്ചു . പിന്നീട് വെർച്വൽ അറസ്റ്റിലായെന്നും കസ്റ്റഡിയിലെടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഒന്നരക്കോടിയോളം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകിയാൽ അറസ്റ്റ് ഒഴിവാക്കാമെന്നും കേസ് അവസാനിക്കുമ്പോൾ തുക തിരിച്ചു നൽകുമെന്നും പറഞ്ഞു.
പണം തിരിച്ചുകിട്ടുമെന്ന ഉറപ്പിൽ പരാതിക്കാരൻ പണം നൽകുകയായിരുന്നു.
#തട്ടിപ്പ് ഇങ്ങനെ
@ ഇരകളുടെ പേരിൽ മയക്കുമരുന്ന് പാർസൽ, നിയമവിരുദ്ധ ചരക്കുകൾ, വ്യാജ പാസ്‌പോർട്ടുകൾ എന്നിവ അടങ്ങിയ പാഴ്‌സൽ എത്തിയുണ്ടെന്ന് പറയും
@വിവിധ അന്വേഷണ ഏജൻസികളെന്ന വ്യാജേന വിളിച്ച് പണം ആവശ്യപ്പെടും.
@ വിശ്വാസ്യതയ്ക്ക് ഏജൻസികളുടെ മുദ്രകളും യൂണിഫോമുകളുമൊക്കെ അയക്കും.
@ഇരകൾ 'ഡിജിറ്റലായി അറസ്റ്റുചെയ്യപ്പെട്ടെന്ന് അറിയിക്കും ഒത്തുതീർപ്പിന് പണം കൈമാറാൻ ആവശ്യപ്പെടും.
@ ഹാക്കർമാർ ഉന്നംവെച്ച്
ഇ- മെയിൽ ഐ.ഡികളും
ഇ- മെയിൽ ഐ.ഡികൾ ഹാക്ക് ചെയ്യുന്ന സംഭവങ്ങളും ഏറിവരികയാണ്. ജില്ലയിൽ സിറ്റി പരിധിയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനകം 10 ലധികം പരാതികളാണ് വന്നിരിക്കുന്നത്. ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ നിർബന്ധമായും ഗൂഗിൾ അക്കൗണ്ടുകളുടെ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ആക്ടിവേറ്റ് ചെയ്യണം.
'' അന്വേഷണ ഏജൻസികൾ പണം കൈമാറാൻ ആവശ്യപ്പെടാറില്ല. ഇത്തരം തട്ടിപ്പുകളിൽ വീഴരുത് '-സെെബർ പൊലീസ്