ലീഗിനെ പിടിക്കാൻ പോയി, അടിസ്ഥാനവർഗം കൈവിട്ടു: വെള്ളാപ്പള്ളി

Sunday 21 July 2024 12:06 AM IST

ചേർത്തല: അടിസ്ഥാന വർഗത്തെ മറന്നതിനാലാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കനത്ത പരാജയം നേരിടേണ്ടിവന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എരുമേലി യൂണിയന്റെ നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ സമുദായത്തെ അവഗണിച്ച് മുന്നോട്ടു പോകാനാണ് തീരുമാനമെങ്കിൽ, ഉത്തരത്തിലിരുന്ന ലീഗിനെ പിടിക്കാൻ പോയപ്പോൾ കക്ഷത്തിലിരുന്ന അടിസ്ഥാനവർഗം കൈവിട്ടുപോയി എന്ന അവസ്ഥ ഇനിയുമുണ്ടാകും.

ക്ഷേമപെൻഷൻ മുടങ്ങിയതും മാവേലി സ്റ്റോറിൽ പാറ്റപോലും കയറിയിറങ്ങി നടക്കാത്ത അവസ്ഥയിലാക്കിയതും പരാജയത്തിന്റെ ആക്കം കൂട്ടി. നൂനപക്ഷപ്രീണനം അവസാനിപ്പിക്കാതെ ഇടതുപക്ഷത്തിന് രക്ഷയില്ല. എല്ലാവർക്കും ജാതിയുണ്ട്, സംഘടനകളുമുണ്ട്. പക്ഷേ, എസ്.എൻ.ഡി.പി യോഗം ജാതി പറഞ്ഞുപോയാൽ ആക്ഷേപം ഏറ്റുവാങ്ങേണ്ടിവരും. രാഷ്ട്രീയത്തിൽ നിലനിൽക്കുമ്പോൾ പോലും സമുദായത്തിനു വേണ്ടി ഒറ്റക്കെട്ടായി നിൽക്കണം.

കോൺഗ്രസ് വന്നാലേ മോദി ഭരണം ഇല്ലാതാക്കാൻ കഴിയുകയുള്ളൂവെന്ന ചിന്തയാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിനും കോൺഗ്രസിന്റെ വിജയത്തിനും കാരണം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മോദിയെ എതിർക്കാൻ രാജ്യത്തെ മുസ്ലീങ്ങൾ ഒറ്റക്കെട്ടായി നിന്നു.

പുറത്തു നിന്നുള്ള ശക്തികൾ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ ഒന്നിച്ചുനേരിടാൻ സമുദായത്തിന് കഴിയണം. ഭാരവാഹികൾക്കിടയിൽ ഐക്യമുണ്ടാകണം. സമ്പന്നർ ഭാരവാഹികളായാൽ അവിടെ കുഴപ്പമുണ്ടാകും. ഗ്രൂപ്പുകളി ഒഴിവാക്കി നേതാക്കൻമാരെ സൃഷ്ടിക്കുന്ന രീതിയിലായിരിക്കണം പ്രവർത്തിക്കേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ദീപപ്രകാശനം നടത്തി. യൂണിയൻ ചെയർമാൻ കെ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ,സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ ബാബു എന്നിവർ സംസാരിച്ചു. യോഗം കൗൺസിലർ പി.ടി.മന്മഥൻ ക്ലാസ് നയിച്ചു. യൂണിയൻ കൺവീനർ പി.എസ്.ബ്രഷ്‌നേവ് സ്വാഗതം പറഞ്ഞു. ഇന്നു രാവിലെ 9ന് നടക്കുന്ന വ്യക്തിത്വ പരിശീലന ക്ലാസ് മൈൻഡ് വിഷൻ ഇന്ത്യ ഡയറക്ടർ ഡോ.മുരളി മോഹൻ നയിക്കും.

Advertisement
Advertisement