വിദേശ സഹകരണം ചട്ടവിരുദ്ധം,​ വാസുകിയുടെ നിയമനം റദ്ദാക്കിയേക്കും

Sunday 21 July 2024 12:09 AM IST

ഉത്തരവ് പരിശോധിക്കാൻ ഗവർണറും

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശ രാജ്യങ്ങളുമായി സംസ്ഥാനങ്ങൾക്ക് ഇടപെടാനാവില്ലെന്ന ചട്ടം മറികടന്ന് തൊഴിൽവകുപ്പ് സെക്രട്ടറി ഡോ.കെ.വാസുകിയെ അന്യരാജ്യങ്ങളുമായുള്ള സഹകരണത്തിന് നിയോഗിച്ച ഉത്തരവ് സർക്കാർ റദ്ദാക്കിയേക്കും.

നിയമനം ഭരണഘടനാപരമായും പിഴവാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഐ.എ.എസ് ഉദ്യോഗസ്ഥർ വിദേശ​രാ​ജ്യ​ങ്ങ​ളു​ടെ​ ​എം​ബ​സി​ക​ൾ,​ ​കോ​ൺ​സു​ലേ​റ്റു​ക​ൾ,​ ​അ​വി​ട​ത്തെ​ ​ജീ​വ​ന​ക്കാ​ർ​ ​എ​ന്നി​വ​രു​മാ​യി​ ​നേരിട്ട് ഇടപെടരുതെന്നാണ് പെരുമാറ്റച്ചട്ടം. പരാതി ലഭിച്ചാൽ ഉത്തരവ് പുനഃപരിശോധിക്കാൻ ആവശ്യപ്പെടുമെന്ന് രാജ്ഭവനും വ്യക്തമാക്കി. കേരളത്തിൽ എത്തുന്ന വിദേശ പ്രതിനിധികളുമായി വാണിജ്യം, വ്യവസായം, വിദ്യാഭ്യാസം, തൊഴിൽ മേഖലകളിൽ സഹകരണ ഉടമ്പടിയുണ്ടാക്കുകയും വകുപ്പുകളുടെ ഏകോപനത്തിലൂടെ തുടർ നടപടികൾ എടുക്കുകയുമാണ് വാസുകിയുടെ ചുമതല. കേന്ദ്രാനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് വിദേശരാജ്യങ്ങളുമായോ ഏജൻസികളുമായോ കരാറുകളോ ഉടമ്പടികളോ ഒപ്പിടാനാവില്ല. താ​ത്‌​കാ​ലി​ക​ ​വി​ഷ​യ​ങ്ങ​ൾ​ക്ക​പ്പു​റ​മു​ള്ള​ ​കാ​ര്യ​ങ്ങ​ളി​ൽ​ വിദേശരാജ്യങ്ങളുടെ ഓഫീസുകളുമായോ പ്രതിനിധികളുമായോ സംസ്ഥാന സർക്കാരിന് ബന്ധം പാടില്ല. സാ​മ്പ​ത്തി​ക ​സ​ഹാ​യം​ ​സ്വീകരിക്കാനും വിദേശ മന്ത്രാലയത്തിന്റെ അനുമതിവേണം.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വിദേശഏകോപനത്തിന് സെൽ രൂപീകരിച്ചത്.

വിദേശകാര്യം, പ്രതിരോധം, അന്താരാഷ്ട്ര വ്യാപാരം, വാണിജ്യം, ബാങ്കിംഗ് അടക്കം 97വിഷയങ്ങളിൽ കേന്ദ്രത്തിനാണ് അധികാരം. സംസ്ഥാനങ്ങൾക്ക് ഇതിൽ ഇടപെടാനാവില്ല.

ചീഫ് സെക്രട്ടറി വഴി മാത്രം

വി​ദേ​ശ​ ​ന​യ​ത​ന്ത്റ​​ പ്ര​തി​നി​ധി​ക​ളു​മാ​യി,​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​നേ​രി​ട്ട് ​ആ​ശ​യ​വി​നി​മ​യം​ ​പാടില്ല.​ ​ചീ​ഫ് സെ​ക്ര​ട്ട​റി​ ​വ​ഴി​ ​മാ​ത്ര​മേ​ ​ ​ബ​ന്ധ​പ്പെ​ടാ​വൂ​.​

​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ​ ​കാ​ര്യാ​ല​യ​ങ്ങ​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​യി​ ​ഇ​ട​പെ​ടു​ന്ന​തി​ൽ​ ​മ​ന്ത്രി​മാ​ർ​ക്കും​ ​പെ​രു​മാ​റ്റ​ച്ച​ട്ടമുണ്ട്.​ ​

ഭരണഘടനനാ വിരുദ്ധം:

കെ. സുരേന്ദ്രൻ

ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദേശകാര്യം കേന്ദ്രത്തിന്റെ അധികാരപരിധിയിലാണ്. അതിൽ ഇടപെടാനുള്ള നീക്കം ദുഃസൂചനയാണ്. കേരളം സ്വതന്ത്രരാജ്യമല്ല. ഫെഡറൽ തത്വങ്ങളുടെ ലംഘനമാണിത്. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകർക്കുന്നതാണ് നിയമനം.