സി.പി.ഒ റാങ്ക് ലിസ്റ്റിൽ തോറ്റവർ ഉൾപ്പെട്ട സംഭവം, ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പി.എസ്.സി
തിരുവനന്തപുരം: ശാരീരിക പരിശോധനയിൽ പരാജയപ്പെട്ട 12 ഉദ്യോഗാർത്ഥികളെ സിവിൽ പൊലീസ് ഓഫിസർ (സി.പി.ഒ) റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ പി.എസ്.സി നടപടിയെടുക്കും . ഇതിന്റെ ഭാഗമായി ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
ശാരീരിക പരിശോധനയിൽ പരാജയപ്പെട്ടവരെ ഉൾപ്പെടുത്തിയത് വിവാദമായതോടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിന് ശേഷം ഇവരെ പുറത്താക്കി പി.എസ്.സി വിജ്ഞാപനമിറക്കിയിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതേസമയം പുറത്തായ ഉദ്യോഗാർത്ഥികൾ കോടതി ഉത്തരവ് നേടിയാൽ ഇവർക്കായി വീണ്ടും ശാരീരിക പരിശോധന നടത്തേണ്ടിവരും.
ആദ്യം ശാരീരിക അളവെടുപ്പും ഇതിൽ വിജയിക്കുന്നവർക്ക് കായികക്ഷമത പരീക്ഷയുമാണ് നടത്തുന്നത്. ശാരീരിക അളവെടുപ്പിൽ ചെറിയ വ്യത്യാസമാണുള്ളതെങ്കിൽ അവരെ അപേക്ഷയുടെ അടിസ്ഥാനത്തിൽ കായികക്ഷമത പരീക്ഷയിൽ പങ്കെടുപ്പിക്കാറുണ്ട്. കായിക ഇനങ്ങളിൽ വിജയിച്ചാൽ പി.എസ്.സിക്ക് നൽകുന്ന അപ്പീലിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് മാത്രമായി പുനരളവെടുപ്പ് നടത്തും. ഇങ്ങനെ 72 ഉദ്യോഗാർത്ഥികൾ അപ്പീൽ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പുനരളവെടുപ്പ് നടന്നത്. ഇതിൽ 37 പേർ വിജയിക്കുകയും 35 പേർ പരാജയപ്പെടുകയും ചെയ്തു. എന്നാൽ പരാജയപ്പെട്ട 35ൽ 12 പേർ അന്തിമ റാങ്ക്‌ലിസ്റ്റിൽ കയറിക്കൂടിയതാണ് വിവാദമായത്. ഇക്കാര്യം പി.എസ്.സി യുടെ തന്നെ റാങ്ക്‌ലിസ്റ്റ് പരിശോധനസംഘം കണ്ടെത്തിയാണ് ജൂലായ് 2ന് തിരുത്തൽ വിജ്ഞാപനമിറക്കി 12 പേരെയും ഒഴിവാക്കിയത്. ഇതിനു മുന്നോടിയായി ഉദ്യോഗാർത്ഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ഓണത്തിന് സപ്ളൈകോയ്ക്ക്
കൂടുതൽ തുക നൽകും: ധനമന്ത്രി
തിരുവനന്തപുരം: ഓണത്തിന് ഇക്കുറി ഒരുമുട്ടും ഉണ്ടാകില്ലെന്നും സപ്ളൈകോയ്ക്ക് ബഡ്ജറ്റ് വിഹിതത്തിൽ കൂടുതൽ തുക അനുവദിക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ.എസ്.ആർ.ടി.സി പ്രതിസന്ധി,നെല്ലുസംഭരണത്തിന്റെ കുടിശിക,പട്ടികജാതി വർഗ വിഭാഗത്തിന്റെ സ്കോളർഷിപ്പ് തുടങ്ങിയവയിൽ പറഞ്ഞതിലും കൂടുതൽ തുക നൽകും. സാങ്കേതികത്വത്തിന്റേയോ,പ്രതിസന്ധിയുടെയോ പേരിൽ ആർക്കും ഒന്നും നിഷേധിക്കപ്പെടില്ല.
രണ്ടാം പിണറായി സർക്കാർ ചെലവ് വെട്ടിക്കുറയ്ക്കുമെന്നുള്ള വിമർശനങ്ങൾ രാഷ്ട്രീയപ്രേരിതമാണ്. ഒന്നാം പിണറായി സർക്കാർ പ്രതിവർഷം ശരാശരി 1.20ലക്ഷം കോടിയാണ് ചെലവിട്ടിരുന്നതെങ്കിൽ രണ്ടാം സർക്കാർ 1.60ലക്ഷം കോടിയാണ് ചെലവുചെയ്യുന്നത്. കേന്ദ്രത്തിൽ നിന്നുള്ള വിവിധ തുകകളിൽ പ്രതിവർഷം 57,000 കോടി കുറവ് വരുമ്പോഴാണിത്.
2017 മുതൽ 2021 വരെയുള്ള ഡി.എ കുടിശ്ശിക പി.എഫിൽ ക്രെഡിറ്റ് ചെയ്തത് ഈ സർക്കാർ വന്ന ശേഷമാണ്. 30 ലക്ഷം പേർക്ക് മാസം 600 രൂപ വീതം നൽകിയിരുന്ന ക്ഷേമപെൻഷൻ ഇപ്പോൾ 62 ലക്ഷം പേർക്ക് 1600 രൂപ വീതമാണ് നൽകുന്നത്. കിഫ്ബിയിൽ ഇതുവരെ 30,000 കോടിയിലധികമാണ് ചെലവഴിച്ചിട്ടുള്ളത്. ഇതിൽ 20,000 കോടിയും ചെലവാക്കിയത് രണ്ടാം പിണറായി സർക്കാരാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കാവശ്യമായ സംസ്ഥാനവിഹിതം ഉറപ്പാക്കുന്നു. 5000 കോടിയുടെ വിനിയോഗമാണ് ഏറ്റെടുക്കുന്നത്. കെ.എസ്.ആർ.ടി.സി,കെ.റ്റി.ഡി.എഫ്.സി,കേരള ബാങ്ക് എന്നിവയുടെ സാമ്പത്തിക സുതാര്യതയെ ബാധിക്കുന്ന വലിയ ബാദ്ധ്യത ഒഴിവാക്കുന്നതിനാവശ്യമായ 650കോടിയിലധികം രൂപ സർക്കാർ ലഭ്യമാക്കി.
സാമ്പത്തിക ഞെരുക്കം മറികടക്കാനായി പദ്ധതി ചെലവ് പുനഃക്രമീകരിക്കുമെന്നും നിരക്കുകളിൽ വർദ്ധനയുണ്ടാക്കുമെന്നും മുഖ്യമന്ത്രി ചട്ടം 300അനുസരിച്ച് നിയമസഭയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വികസനകാര്യങ്ങളിൽ ഈ വെട്ടിക്കുറയ്ക്കൽ ഉണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു.