ഓണത്തിനൊരുമുറം പച്ചക്കറി , പ്രതീക്ഷിക്കുന്നത് 17 ലക്ഷം മെട്രിക് ടൺ ഉത്പാദനം
തിരുവനന്തപുരം: പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ട് കൃഷി വകുപ്പിന്റെ 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതിയിൽ ഇക്കുറി പ്രതീക്ഷിക്കുന്നത് 17 ലക്ഷം മെട്രിക് ടൺ ഉല്പാദനം. സംസ്ഥാനത്തെ 63 ലക്ഷം കുടുംബങ്ങളെ ഉൾപ്പെടുത്തി കൃഷി പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യം. 1076 കൃഷിഭവനുകളിലൂടെ സൗജന്യമായി അഞ്ചിനങ്ങൾ അടങ്ങിയ വിത്തുപാക്കറ്റുകൾ നൽകും. ഓരോ കുടുംബവും കുറഞ്ഞത് അഞ്ചിനം പച്ചക്കറിയെങ്കിലും സ്വന്തമായി ഉത്പാദിപ്പിച്ച് ഓണസദ്യയ്ക്കുള്ള വിഭവം തയാറാക്കുകയാണ് ഉദ്ദേശ്യം.
ഓണത്തിന് 20 ലക്ഷം മെട്രിക് ടൺ പച്ചക്കറിയാണ് സംസ്ഥാനത്തിന് വേണ്ടത്. 2014വരെ ആഭ്യന്തര ഉത്പാദനം 7 ലക്ഷം മെട്രിക് ടൺ മാത്രമായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 13ലക്ഷം മെട്രിക് ടൺ കൊണ്ടുവന്നിരുന്നു. 'ഓണത്തിന് ഒരു മുറം പച്ചക്കറി" പദ്ധതി വന്നതോടെ 2017ൽ സംസ്ഥാനത്തെ ഉത്പാദനം 12.10 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു. ഇക്കഴിഞ്ഞ വർഷം 15 ലക്ഷം മെട്രിക് ടൺ വരെ ഉത്പാദിപ്പിച്ചു. ശേഷിക്കുന്നവയാണ് തമിഴ്നാട്,മൈസൂർ നിന്നുമെത്തിച്ച് മലയാളികൾ ഓണമുണ്ടത്. ഇക്കുറി കാലാവസ്ഥ അനുകൂലമായാൽ പ്രതീക്ഷിക്കുന്ന വിളവ് ലഭിക്കുമെന്നാണ് കൃഷിവകുപ്പ് കരുതുന്നത്.
കർഷകർ,വിദ്യാർത്ഥികൾ,സഹകരണ സ്ഥാപനങ്ങൾ,കുടുംബശ്രീ പ്രവർത്തകർ,ഉദ്യോഗസ്ഥർ,സന്നദ്ധ സംഘടനകൾ,ജനപ്രതിനിധികൾ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിത്തിനങ്ങൾ
വഴുതന,കത്തിരി,മുളക്, തക്കാളി,വെണ്ട,ചീര,മത്തൻ,നിത്യവഴുതന,പടവലം,വെള്ളരി,സാലഡ് വെള്ളരി,പയർ,പാവൽ.