രാജ്യത്ത് ഇടതുപക്ഷത്തിന്റെ ഇടപെടൽ അനിവാര്യം: യോഗേന്ദ്ര യാദവ്
ചിന്ത രവീന്ദ്രൻ ട്രസ്റ്റ് അഞ്ചാമത് പുരസ്‌കാരം സമർപ്പിച്ചു
കോഴിക്കോട്: രാജ്യത്ത് ഇടതുപക്ഷത്തിന്റെ ഇടപെടൽ അനിവാര്യമെന്ന് സാമൂഹ്യ ചിന്തകൻ യോഗേന്ദ്ര യാദവ് പറഞ്ഞു. ചിന്ത രവീന്ദ്രൻ ട്രസ്റ്റിന്റെ അഞ്ചാമത് പുരസ്‌കാരം കാർട്ടൂണിസ്റ്റ് ഇ.പി.ഉണ്ണിയിൽ നിന്ന് സ്വീകരിച്ച ശേഷം 'ഇന്നത്തെ ഇന്ത്യയിൽ ഇടതുപക്ഷം എന്നാൽ എന്താണ്?' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024ലെ തിരഞ്ഞെടുപ്പ് ഫലം മാറുന്ന ഇന്ത്യയെന്ന പേടി സ്വപ്നത്തിൽ നിന്ന് നമ്മെ രക്ഷിച്ചു. ഇവിടെ നിന്നാണ് മാറ്റം ആരംഭിക്കുക. ഈ ഘട്ടത്തിൽ ഇടതുപക്ഷത്തിന് സുപ്രധാന പങ്കാണ് വഹിക്കാനുള്ളത് . റഷ്യയുടെ തകർച്ച ചൂണ്ടിക്കാട്ടി ഇടതുപക്ഷം അപ്രസക്തമാണെന്ന് പറയുന്നവരുണ്ട്. എന്നാൽ ഇടതുപക്ഷത്തിന്റെ ഇന്നത്തെ ഇന്ത്യയിലെ സാന്നിദ്ധ്യം വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളുടെ സാന്നിദ്ധ്യത്തേക്കാൾ ആഴമേറിയതാണ്. ഭരണഘടനയുടെ ആമുഖംതന്നെ മികച്ച ഇടതുരേഖയാണ്. കേരളത്തിൽ യു.ഡി.എഫ് – എൽ.ഡി.എഫ് വ്യവസ്ഥക്കെതിരെയുള്ള എതിർപ്പിനിടെ ബി.ജെ.പി ഇടം കണ്ടെത്തുന്നത് ഇരുമുന്നണികളും കാര്യമായെടുക്കണമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. കെ.എ.ജോണി പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. എഴുത്തുകാരൻ എൻ.എസ് മാധവൻ അദ്ധ്യക്ഷത വഹിച്ചു. ചെലവൂർ വേണു, ബി. ആർ. പി ഭാസ്‌കർ എന്നിവരെ അനുസ്മരിച്ചു. കോയ മുഹമ്മദ്, എം. പി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എൻ. കെ. രവീന്ദ്രൻ സ്വാഗതവും സി. ആർ.രാജീവ് നന്ദിയും പറഞ്ഞു.