അമേരിക്കയിൽ കാണുന്നയിനം വിഴിഞ്ഞത്തും എത്തി

Sunday 21 July 2024 12:44 AM IST

വിഴിഞ്ഞം: തീരത്ത് അപൂർവയിനം പുലിസ്രാവ് ലഭിച്ചു. ഇന്നലെ വൈകിട്ടോടെയായിരുന്നു മത്സ്യത്തൊഴിലാളിയുടെ വള്ളത്തിൽ മീൻ ലഭിച്ചത്. അപൂർവമായതിനാലും കണ്ടിട്ടില്ലാത്തതിനാലും ലേലത്തിലെടുക്കാൻ ആരും തയ്യാറായില്ല. ഒടുവിൽ മത്സ്യത്തൊഴിലാളി തന്നെ കറിക്കായി കൊണ്ടുപോവുകയായിരുന്നു. സാധാരണയായി അമേരിക്ക പോലുള്ള രാജ്യങ്ങളിലാണ് ഇവ കാണുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

വൃത്താകൃതിയിലുള്ള മൂക്കും ത്രികോണാകൃതിയിലുള്ള ശരീരവും ഓവൽ ആകൃതിയിലുള്ള വലിയ കണ്ണുമാണ് പ്രത്യേകത. ഇതിന് മുകൾ നിരയിൽ 41 മുതൽ 55 വരെയും താഴെ 34 മുതൽ 45 വരെയുമുള്ള പല്ലുകളാണുള്ളത്. സാധാരണ ഉൾക്കടലിലും അഴിമുഖത്തും കാണപ്പെടും.4 മീറ്റർ താഴെ വരെയാണ് ഇവയുടെ ആവാസ വ്യവസ്ഥ. ഇവയിൽ അപൂർവം ചിലത് ദേശാടനം നടത്താറുണ്ട്.

പേരിന് കാരണം

ട്രയാകിസ് സെമി ഫാസിയറ്റ എന്ന സ്പീഷിസിൽ പ്പെട്ട ഇവയുടെ ശരീരത്തിൽ നിറയെ പുള്ളിപ്പുലിയുടേതിന് സമാനമായ വലിയ പുള്ളികളാണ്. അതിനാലാണ് ഇതിന് പുലിസ്രാവ് എന്ന പേര് കിട്ടിയത്.

പ്രത്യേകതരം ജീവിതം

കക്ക,ഞണ്ട്,ചെമ്മീൻ തുടങ്ങിയവയെയാണ് ഭക്ഷിക്കുന്നത്.വളർച്ച സാവധാനമായതിനാൽ വലിപ്പം വയ്ക്കാൻ വർഷങ്ങളെടുക്കും. ഇവയുടെ മുട്ടകൾ ഗർഭാശയത്തിൽ വച്ചു തന്നെ വിരിഞ്ഞ് പുറത്തുവരുന്നതാണ് പ്രജനന രീതിയെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

Advertisement
Advertisement