മറ്റു ജില്ലകൾ കണ്ടുപഠിക്കണം ആലപ്പുഴയുടെ ഈ നേട്ടം,​ ഒന്നാമതെത്തിയതിന് പിന്നിലെ കാരണങ്ങൾ

Sunday 21 July 2024 1:02 AM IST

ആലപ്പുഴ : നഗരങ്ങളിൽ നടപ്പാക്കിയ സ്വച്ഛ് ഭാരത് മിഷൻ 2.0 ക്ലീൻ ടോയ്ലറ്റ് കാമ്പയിൻ 2023ൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ആലപ്പുഴ, തൃശൂർ ജില്ലകൾ പങ്കിട്ടു. സ്കൂളുകളിൽ ഉൾപ്പെടെ പൊതു ടോയ്ലറ്റ് സംവിധാനങ്ങളുടെ അറ്റകുറ്റപ്പണി, നവീകരണം, ശുചീകരണം, കാമ്പയിൻ പരിപാടികളിൽ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം തുടങ്ങിയവ വിലയിരുത്തിയാണ് ഒന്നാംസ്ഥാനക്കാരെ നിശ്ചയിച്ചത്.

ജില്ലയിൽ 48 പൊതുടോയ്ലറ്റുകൾ, 75 സ്കൂൾ ടോയ്ലറ്റുകൾ തുടങ്ങിയവയിലായി 808 ടോയ്ലറ്റ് സീറ്റുകൾ അറ്റകുറ്റപ്പണി നടത്തി. നഗരസഭകളിലെ പബ്ലിക് ടോയ്ലറ്റുകൾ 'ഗൂഗിൾ ടോയ്ലറ്റ് ലൊക്കേറ്റർ' ആപ്പ് മുഖേന മാപ് ചെയ്തതും കെയർടേക്കർമാർ ഇല്ലാതിരുന്ന 31 പൊതുടോയ്ലറ്റുകളിൽ നഗരസഭകൾ മുഖേന കെയർടേക്കർമാരെ നിയോഗിച്ചതും നേട്ടത്തിലേക്ക് നയിച്ചു.


മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല സാനിറ്റേഷൻ കോൺക്ളേവിൽ ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസിൽ നിന്ന് ജില്ലാ കോർഡിനേറ്റർ കെ.ഇ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ജില്ലാ ശുചിത്വമിഷൻ ടീം പുരസ്‌കാരം ഏറ്റുവാങ്ങി.

പരാതികൾക്ക് പരിഹാരം ഉടൻ

1.കാമ്പയിൻ നടന്ന കാലയളവിൽ ലഭിച്ച പരാതികൾക്ക് പൂർണ്ണ തോതിൽ പരിഹാരം കാണാനായത് നേട്ടമായി

2.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടോയ്ലറ്റുകൾ അറ്റകുറ്റപ്പണി നടത്തിയതും മികവായി പരിഗണിച്ചു

3.ടോയ്ലറ്റുകൾ ഡിസൈൻ ചെയ്ത് പ്രത്യേക കളർ കോഡ് നൽകിയത് ഒന്നാം സ്ഥാനത്തെത്താൻ സഹായിച്ചു

4.മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളും നേട്ടത്തിലെത്താൻ നിർണായകമായി

നഗരസഭ, ചിലവഴിച്ച തുക (ലക്ഷത്തിൽ)

ആലപ്പുഴ : 20

ചേർത്തല :15

ഹരിപ്പാട് : 7

ചെങ്ങന്നൂർ: 7

കായംകുളം: 5

57 ലക്ഷം : ക്ലീൻ ടോയ്ലറ്റ് കാമ്പയിൻ രണ്ടാംഘട്ടത്തിന് ജില്ലയിൽ ചെലവാക്കുന്ന തുക

ക്ലീൻ ടോയ്ലറ്റ് കാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജില്ലയിൽ 57 ലക്ഷം രൂപയുടെ പൊതു ടോയ്ലറ്റ്, സ്കൂൾ ടോയ്ലറ്റ് നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കും

- ജില്ലാ കോ ഓർഡിനേറ്റർ

Advertisement
Advertisement