ഗാന്ധിഭവനിൽ ഉമ്മൻചാണ്ടി അനുസ്മരണം

Sunday 21 July 2024 1:03 AM IST

പത്തനാപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണയ്ക്കായി കുടുംബാംഗങ്ങൾ രൂപം നൽകിയിട്ടുള്ള മന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് പത്തനാപുരം ഗാന്ധിഭവനിൽ ഉമ്മൻചാണ്ടി അനുസ്മരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും നടത്തും. ഉച്ചയ്ക്ക് 2ന് നടക്കുന്ന ചടങ്ങ് മുൻ എം.പി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് അംഗവും ഉമ്മൻചാണ്ടിയുടെ ഭാര്യയുമായ മറിയാമ്മ ഉമ്മൻ അദ്ധ്യക്ഷയാകും. നടനും അമ്മ സെക്രട്ടറിയുമായ സിദ്ദിഖ് മുഖ്യസന്ദേശം നൽകും. ശാന്തിഗിരി ആശുപത്രിയുടെ നേതൃത്വത്തിലുള്ള ആയുർവേദ മെഡിക്കൽ ക്യാമ്പ് മലങ്കര ഓർത്തഡോക്‌സ് സഭ കൊല്ലം മെത്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പഠനോപകരണ വിതരണം നിർവഹിക്കും. ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ അനുസ്മരണ സന്ദേശം നൽകും. ജയ്‌സൺ ജയിംസ് തഴവ സ്വാഗതവും മന്ന ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ.മറിയ ഉമ്മൻ നന്ദിയും പറയും. മെഡിക്കൽ ക്യാമ്പ് രാവിലെ 10 മുതൽ.