ജൂവലറിയിൽ പൊലീസിന്റെ ശാസ്ത്രീയ പരിശോധന

Sunday 21 July 2024 1:05 AM IST

കൊല്ലം: ചടയമംഗത്ത് ജൂവലറിയിൽ പട്ടാപ്പകൽ ജീവനക്കാർക്ക് നേരെ സ്പ്രേ അടിച്ച് സ്വർണമാല മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തി. ഇന്നലെയാണ് ഫോറൻസിക് -വിരലടയാള വിദഗ്ദ്ധർ ജൂവലറിയിലെത്തിയത്. ചടയമംഗലം എസ്.എച്ച്.ഒ സുനീഷിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവദിവസം തെളിവെടുത്തിരുന്നു. കഴിഞ്ഞ 19ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. മാസ്ക് ധരിച്ചെത്തിയ യുവാവും യുവതിയുമാണ് മഹാദേവർ ക്ഷേത്രത്തിന് പിന്നിലെ ജൂവലറിയിൽ നിന്ന് രണ്ട് പവന്റെ മാല മോഷ്ടിക്കാൻ ശ്രമിച്ചത്. ലേഡീസ് സ്കൂട്ടറിലെത്തിയ ഇരുവരും മാല ആവശ്യപ്പെട്ട് കുറച്ചുനേരം തെരഞ്ഞു. ഇതിനിടെ യുവതി മാല കൈക്കലാക്കി. ഉടൻ യുവാവ് പോക്കറ്റിൽ കരുതിയിരുന്ന സ്‌പ്രേ ജീവനക്കാരുടെ മുഖത്തേക്കും ദേഹത്തേയ്ക്കും അടിക്കുകയായിരുന്നു. എന്നാൽ ഈ സമയം യുവതി മാല തൂക്കിനോക്കാൻ നൽകിയിരുന്നു. ഇതറിയാതെയാണ് യുവാവ് സ്‌പ്രേ ചെയ്തത്. ഇതോടെ മോഷണശ്രമം പരാജയപ്പെട്ടു. ഇവർ സഞ്ചരിച്ച ഇരുചക്ര വാഹന നമ്പർ വ്യക്തമല്ല.