ഷോക്കേറ്റ് വൈദ്യുതി പോസ്റ്റിൽ കുടുങ്ങിയ ജീവനക്കാരനെ രക്ഷപ്പെടുത്തി

Sunday 21 July 2024 1:10 AM IST

കരുനാഗപ്പള്ളി: ഷോക്കേറ്റ് വൈദ്യുതി പോസ്റ്റിൽ കുടുങ്ങിയ കെ.എസ്.ഇ.ബി ജീവനക്കാരനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. പുതിയകാവ് താജ് മഹൽ പള്ളിക്ക് സമീപം ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. കെ.എസ്.ഇ.ബി കരുനാഗപ്പള്ളി നോർത്ത് സെക്ഷനിലെ ജീവനക്കാരൻ അനിലാലിനാണ് (45) ഷോക്കേറ്റത്. ജോലിയിൽ ഏർപ്പെട്ടിരിക്കെ ഷോക്കേൽക്കുകയായിരുന്നു. 45 അടിയോളം ഉയരത്തിലായിരുന്നു അനിലാൽ. വിവരമറിഞ്ഞ് എത്തിയ കരുനാഗപ്പള്ളി അഗ്‌നിരക്ഷാസേന ഏണി ഉപയോഗിച്ച് അനിലാലിനെ താഴെയിറക്കി. തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അഗ്‌നിരക്ഷാസേനയിലെ ഡ്രൈവർ മെക്കാനിക്ക് യു.ഷാബി, ഫയർ ആൻഡ് റെസ്​ക്യു ഓഫീസർ പി.വിഷ്ണു എന്നിവരാണ് വൈദ്യുതി പോസ്റ്റിൽ കയറിയത്. അസി. സ്റ്റേഷൻ ഓഫീസർ എ.അബ്ദുൽ സമദ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്.വിനോദ്, ഫയർ ആൻഡ് റെസ്​ക്യു ഓഫീസർമാരായ എസ്.അനീഷ്, എസ്.സച്ചു, അനിൽ ആനന്ദ്, ഹോം ഗാർഡ് ആർ.രഞ്ജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.