അമീബിക് മസ്തിഷ്‌ക ജ്വരം: മൂന്നര വയസുകാരന്റെ നില ഗുരുതരം
Sunday 21 July 2024 1:24 AM IST
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരന്റെ നില ഗുരുതരം. ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനയ്ക്കായി കുട്ടിയുടെ നട്ടെല്ലിൽ നിന്നെടുത്ത സ്രവം പോണ്ടിച്ചേരി എ.വി.എം.സി മെഡിക്കൽ കോളേജിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിയാരം സ്വദേശിയായ കുട്ടി വീടിന് സമീപത്തെ വെള്ളച്ചാട്ടത്തിൽ കുളിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കണ്ടതോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിയെ വെള്ളിയാഴ്ച രാത്രിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.