കലാകാരന്മാർ പ്രതികരണ ശേഷിയുള്ളവരായിരിക്കണം: മന്ത്രി
Sunday 21 July 2024 1:27 AM IST
തൃശൂർ: കലാകാരന്മാർ പ്രതികരണ ശേഷിയുള്ളവരായിരിക്കണമെന്നും ഭരിക്കുന്ന കക്ഷി ഏതെന്ന് നോക്കാതെ,കാര്യങ്ങൾ ധീരമായി പ്രകടിപ്പിക്കുകയാണ് വേണ്ടതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. സംഗീതനാടക അക്കാഡമി പുരസ്‌കാരം സമർപ്പിക്കുകയായിരുന്നു അദ്ദേഹം. വരുംതലമുറയ്ക്ക് കാണാനും പഠിക്കാനും ഉതകുന്ന ഒരു പെർഫോമിംഗ് ആർട്‌സ് മ്യൂസിയം ഈ വർഷം സംഗീത നാടക അക്കാഡമിയിൽ സ്ഥാപിക്കുവാൻ സർക്കാർ മുൻകൈയെടുക്കും. അതിനായി 50 ലക്ഷം രൂപ അനുവദിക്കും. മൂന്ന് പേർക്ക് ഫെലോഷിപ്പും 17 പേർക്ക് അവാർഡും 22 പേർക്ക് ഗുരുപൂജാ പുരസ്‌കാരവും സമർപ്പിച്ചു. കലാകാരന്മാരുടെ വിശദാംശങ്ങളുള്ള നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നിർവഹിച്ചു. അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അദ്ധ്യക്ഷനായി. സെക്രട്ടറി കരിവെള്ളൂർ മുരളി,വൈസ് ചെയർമാൻ പി.ആർ.പുഷ്പവതി തുടങ്ങിയവർ പ്രസംഗിച്ചു.