ഐ.ഡി.എസ്.എഫ്.എഫ്‌.കെ: ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ബേഡി ബ്രദേഴ്സിന്

Sunday 21 July 2024 1:34 AM IST
ബേഡി ബ്രദേഴ്സ്

തിരുവനന്തപുരം: 16-ാമത് ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (ഐ.ഡി.എസ്.എഫ്.എഫ്‌.കെ)യുടെ ഭാഗമായ ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ബേഡി ബ്രദേഴ്സിന് (നരേഷ് ബേഡി, രാജേഷ് ബേഡി) സമ്മാനിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. രണ്ടു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ജൂലായ് 26ന് വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

നാലു പതിറ്റാണ്ടിലേറെയായി വന്യജീവികളുടെ ജീവിതം പകർത്തുന്നവരാണ് ബേഡി ബ്രദേഴ്സ്.

മുതലകളുടെ പെരുമാറ്റ സവിശേഷതകൾ വെളിപ്പെടുത്തിയ ആദ്യ സംരംഭമായ 'ദ ഗാംഗസ് ഘറിയാൽ' അന്താരാഷ്ട്ര ശ്രദ്ധ നേടുകയും 1984ലെ വൈൽഡ് സ്‌ക്രീനിൽ പാണ്ട അവാർഡ് നേടുകയും ചെയ്തു. സേവിംഗ് ദ ടൈഗർ, മാൻ ഈറ്റിംഗ് ടൈഗേഴ്സ് എന്നിവ ബാഫ്ത അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു.

1986ൽ ബ്രിട്ടനിലെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ ആയി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2015ൽ പത്മശ്രീ ലഭിച്ചു.

ജൂലായ് 26 മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായാണ് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള.