ഡി.വൈ.എഫ്.ഐ നേതാവിനെ കാപ്പ ചുമത്തി നാടുകടത്തി
Sunday 21 July 2024 1:41 AM IST
അടൂർ: ഡി.വൈ.എഫ്.ഐ തൂവയൂർ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെ (30) കാപ്പ ചുമത്തി ആറുമാസത്തേക്ക് നാടുകടത്തി. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ പ്രവേശിക്കരുതെന്നാണ് നിർദ്ദേശം. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ഏപ്രിലിൽ അടൂർ നെല്ലിമൂട്ടിൽപ്പടിയിൽ കാർ തടഞ്ഞുനിറുത്തി ഒരു സംഘം ആളുകൾ യാത്രക്കാരെയും ഹോം ഗാർഡിനെയും മർദ്ദിച്ചിരുന്നു. സംഭവത്തിൽ അഭിജിത്ത് ബാലനെതിരെ അടൂർ പൊലീസ് കേസെടുത്തിരുന്നു. മുൻ കേസുകളുംകൂടി പരിഗണിച്ചാണ് കാപ്പ ചുമത്തിയത്.