രക്ഷാപ്രവർത്തന​ത്തിന് സൈന്യത്തെ ഇറക്കണം: അർജുന്റെ കുടുംബം

Sunday 21 July 2024 1:47 AM IST

കോഴിക്കോട്: ക‍ർണാടക ഷിരൂരിൽ മലയിടിഞ്ഞ് മണ്ണിനടിയിലായ ലോറി ഡ്രൈവ‍ർ കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അ‍ർജുനെ കണ്ടെത്താൻ സൈന്യത്തെ ഇറക്കണമെന്ന് അഭ്യർത്ഥിച്ച് കുടുംബം പ്രധാനമന്ത്രിക്ക് ഇ-മെയിൽ അയച്ചു. രക്ഷാദൗത്യത്തിന്റെ വേഗം കൂട്ടണം. നിലവിലെ സംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. കേരളത്തിൽ നിന്ന് സന്നദ്ധരായി എത്തുന്നവർക്ക് അവസരം നൽകണമെന്നും മാതാവ് ഷീലയും സഹോദരിമാരും മാദ്ധ്യമങ്ങളോട് പറഞ്ഞു.

ക‍ർണാടക പൊലീസ് വേണ്ടത് ചെയ്യുമെന്ന് കരുതിയാണ് ആദ്യ ദിവസങ്ങളിൽ കാത്തിരുന്നത്. എന്നാൽ അശ്രദ്ധയുണ്ടായി. മകനെ ജീവനോടെ കിട്ടുമോ എന്നതിൽ വ്യക്തതയില്ലാത്ത സ്ഥിതിയാണ്. അർജുനൊപ്പം എത്രപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നെന്ന കൃത്യമായ വിവരം അധികൃതർ പുറത്തുവിടണമെന്നും കുടുംബം ആവശ്യപ്പെട്ടു.

'അർജുനെ സുരക്ഷിതനായി കണ്ടെത്തിയെന്ന് കേൾക്കാൻ കഴിഞ്ഞ അഞ്ച് ദിവസമായി കുടുംബം ഊണും ഉറക്കവുമില്ലാതെ കാത്തിരിക്കുകയാണ്. വീട്ടുകാരെ ആശ്വസിപ്പിക്കാൻ നിരവധി പേർ എത്തുന്നുണ്ട്. മൂകമായ അന്തരീക്ഷത്തിൽ എങ്ങും പ്രാർത്ഥനകൾ മാത്രം. അതേസമയം ആധുനിക സംവിധാനങ്ങളുണ്ടായിട്ടും തെരച്ചിൽ ഫലം കാണാത്തത് കുടുംബത്തെ വേദനിപ്പിക്കുകയാണ്. ദുഷ്കരമായ പല സാഹചര്യങ്ങളിലും സുരക്ഷിതമായി വീട്ടിലെത്തിയ അർജുൻ മനക്കരുത്ത് വിടാതെ ഈ ദുരന്തവും തരണം ചെയ്യുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. രാവിലെ തെരച്ചിൽ ആരംഭിച്ചപ്പോൾ വരുന്ന ഓരോ സൂചനയും ആശ്വാസം നൽകിയെങ്കിലും അവയ്ക്കെല്ലാം അൽപ്പായുസായിരുന്നു.

അർജുന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ വനംമന്ത്രി എ.കെ. ശശീന്ദ്രൻ രാവിലെ വീട്ടിലെത്തി. അർജുന്റെ ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. നിലവിൽ മനുഷ്യസാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.