രണ്ട് കോടിയുടെ ഓൺലൈൻ തട്ടിപ്പിൽ നാലുപേർ അറസ്റ്റിൽ # തട്ടിപ്പ് കമ്പോഡിയയിലെ കോൾസെന്റർ വഴി

Sunday 21 July 2024 1:49 AM IST

തിരുവനന്തപുരം: ഓഹരി വിപണിയിൽ നിക്ഷേപം നടത്താനെന്ന വ്യാജേന തിരുവനന്തപുരം സ്വദേശിയിൽ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്ത കേസിൽ നാലു മലയാളികൾ അറസ്റ്റിൽ. കോഴിക്കോട് നല്ലളം സ്വദേശി സാദിക് (48), ഇടുക്കി തൊടുപുഴ സ്വദേശി ഷെഫീക്ക് (37), കോഴിക്കോട് വടകര ഇരിങ്ങൽ സ്വദേശി സാദിക്ക് (24), തൃശൂർ ആമ്പല്ലൂർ പൂക്കോട് സ്വദേശി നന്ദുകൃഷ്ണ (21) എന്നിവരെയാണ് തിരുവനന്തപുരം സി​റ്റി പൊലീസ് പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഇൻസ്​റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചശേഷം കമ്പോഡിയയിലെ കോൾ സെന്റർ മുഖേനയായിരുന്നു തട്ടിപ്പ്.

കമ്പോഡിയയിലെ കോൾസെന്റർ വഴി നിരന്തരം തട്ടിപ്പ് നടത്തുന്ന മലപ്പുറം പാപ്പന്നൂർ സ്വദേശി മനുവിന്റെ സഹായിയാണ് അറസ്​റ്റിലായ സാദിക്ക്.

തട്ടിയെടുക്കുന്ന പണം ഡിജി​റ്റൽ കറൻസിയായി മാ​റ്റി കമ്പോഡിയയിലേക്ക് മാറ്റുന്നത് ഷെഫീക്കാണ്. സ്വന്തം ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പിനായി കൈമാറിയതിനാണ് സാദിക്ക്, നന്ദുകൃഷ്ണ എന്നിവർ അറസ്​റ്റിലായത്. ഇവരുടെ അക്കൗണ്ടിലേക്ക് വരുന്ന പണം കമ്മിഷൻ കൈപ്പറ്റിയശേഷം തട്ടിപ്പുകാർക്ക് കൈമാറുകയായിരുന്നു.

നിർമ്മിതബുദ്ധിയുള്ള (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ആപ്ലിക്കേഷനുകൾ ഇരയുടെ ഫോണിൽ ഇൻസ്​റ്റാൾ ചെയ്യിപ്പിച്ചാണ് പണം തട്ടിയെടുക്കുന്നത്.

പരാതിക്കാരനും പ്രതികളും തമ്മിലുള്ള വാട്സാപ്പ് ചാ​റ്റുകൾ വിശകലനം ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങ്രയത്. പണം കൈപ്പ​റ്റി സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളും അക്കൗണ്ട് നമ്പർ ലിങ്ക് ചെയ്ത സിം കാർഡും വിൽപ്പന നടത്തുന്നതായും കണ്ടെത്തി.

ഡെപ്യൂട്ടി കമ്മിഷണർ നിധിൻരാജിന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരം സി​റ്റി സൈബർ ക്രൈം അസി. കമ്മിഷണർ സി.എസ് ഹരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. എസ്.ഐമാരായ ഷിബു വി, സുനിൽകുമാർ എൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബെന്നി ബി, പ്രശാന്ത് പി എസ്, സിവിൽ പൊലീസ് ഓഫീസർമാരായ വിപിൻ വി, രാകേഷ് ആർ, മണികണ്ഠൻ എസ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

വാടക അക്കൗണ്ട് തട്ടിപ്പ്

സജീവമല്ലാത്ത അക്കൗണ്ടുകൾ പ്രതിമാസം 10000–25000 രൂപ വരെ വാടക നൽകി തട്ടിപ്പുകാർ ഏറ്റെടുക്കും. അക്കൗണ്ടിലേക്ക് വരുന്ന തട്ടിപ്പ് പണം പിൻവലിക്കുകയോ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്യും. ‘വീട്ടിലിരുന്ന് സമ്പാദിക്കാം’ എന്ന വാഗ്ദാനത്തിലൂടെയാണ് അക്കൗണ്ട് ഉടമകളെ വലയിലാക്കുന്നത്. നിരപരാധികളും കുടുങ്ങുന്നുണ്ട്.

Advertisement
Advertisement