സബാഷ് ആസിഫ് അലി, വിവാദ വിഷയം സമർത്ഥമായി കൈകാര്യം ചെയ്തതിന് നടന് ദുബായിൽ അപൂർവ ആദരം

Sunday 21 July 2024 7:59 AM IST

ദുബായ്: സംഗീത സംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം കൈകാര്യം ചെയ്ത രീതിയോടുള്ള ആദരവായി ദുബായിൽ നടൻ ആസിഫ് അലിക്ക് അപൂർവ ആദരം. ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനിയായ ഡി 3 ആണ് ഒരു ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേരുനൽകി അപൂർവ ആദരവ് പ്രകടിപ്പിച്ചത്.

ഇതിനകം തന്നെ നൗകയിൽ നടന്റെ പേര് പതിപ്പിച്ചുകഴിഞ്ഞു. രജിസ്ട്രേഷനിലും ലൈസൻസിലും പേരുമാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പല തലങ്ങളിൽ ഏറെ വഷളാകേണ്ടിയിരുന്ന വിവാദം പക്വതയോടെ കൈകാര്യം ചെയ്ത നടൻ എല്ലാവർക്കും മാതൃകയാണെന്നാണ് ഡി 3 ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷെഫീഖ് മുഹമ്മദലി പറയുന്നത്. വിവാദങ്ങളെ ചെറുചിരിയോടെ നേരിട്ട ആസിഫ് അലി നിർണായക ഘട്ടങ്ങളിൽ മനുഷ്യൻ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് കാണിച്ചുതന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട സ്വദേശികളാണ് ഡി 3 സംരംഭകർ.

വിവാദവിഷയത്തിൽ തനിക്ക് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പിന്തുണ അറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞ ആസിഫ് അലി തനിക്ക് നൽകുന്ന പിന്തുണ മറ്റൊരാൾക്ക് എതിരെയുള്ള ഹേറ്റ് കാമ്പയിനായി മാറരുതെന്ന് ആവശ്യപ്പെട്ടിരുന്നു. 'എന്റെ വിഷമങ്ങളും പ്രശ്നങ്ങളും എന്റേത് മാത്രമാണ്.രമേശ് നാരായണൻ അനുഭവിച്ച വിഷമം എനിക്ക് മനസിലാകും. ഒരുപാട് പ്രശ്നങ്ങളുടെ ഇടയിലാണ് അദ്ദേഹം ഉണ്ടായിരുന്നത്. അപ്പോൾ ആ ഒരു നിമിഷത്തിൽ നമ്മെളെല്ലാവരും റിയാക്ട് ചെയ്യുന്നതുപോലെയാണ് അദ്ദേഹവും റിയാക്‌ട് ചെയ്തത്. ആരും മനഃപൂർവം അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. ആ സമയം വേദിയിലുണ്ടായ സംഭവങ്ങളുടെ പ്രതിഫലനമാകാം അദ്ദേഹത്തിൽ നിന്നുണ്ടായത്. സംഭവിച്ചതിൽ എനിക്ക് വിഷമമോ പരാതിയോ ഇല്ല. രമേശ് നാരായണനുമായി ഫോണിൽ സംസാരിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ തൊണ്ടയിടറി. അദ്ദേഹത്തെപ്പോലുള്ള ഒരാൾ ക്ഷമ പറയേണ്ടതില്ല' എന്നാണ് ആസിഫ് അലി പറഞ്ഞത്.

എം ടിയുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള ആന്തോളജി സിനിമയായ 'മനോരഥങ്ങളു'ടെ ട്രെയിലർ ലോഞ്ചിംഗുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് എറണാകുളം ക്രൗൺപ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിനിടെയായിരുന്നു വിവാദ സംഭവങ്ങൾ അരങ്ങേറിയത്.


ചടങ്ങിൽ കലാകാരന്മാർക്ക് ഉപഹാരങ്ങൾ നൽകിയിരുന്നു. രമേശ് നാരായണന് മെമന്റോ നൽകാൻ സംഘാടകർ നിയോഗിച്ചത് ആസിഫ് അലിയെയാണ്. ആസിഫ് പുഞ്ചിരിച്ചുകൊണ്ട് രമേശ് നാരായണന് മെമന്റോ സമ്മാനിക്കാനെത്തി. അദ്ദേഹത്തിന്റെ മുഖത്ത് ഒന്നുനോക്കുകപോലും ചെയ്യാതെ ഉപഹാരം വാങ്ങിയ രമേശ് സദസിൽ മറ്റൊരിടത്ത് ഇരുന്ന സംവിധായകൻ ജയരാജിനെ ആംഗ്യം കാട്ടി വിളിച്ചുവരുത്തി.


തുടർന്ന് അദ്ദേഹത്തിന്റെ കൈയിൽ ഉപഹാരം കൊടുത്തശേഷം തിരികെ സ്വീകരിച്ചു. ജയരാജിനെ കെട്ടിപ്പിടിച്ച് ഹസ്തദാനം നൽകി. ഇതി​നി​ടെ ആസി​ഫ് അലി​ സീറ്റിലേക്ക് മടങ്ങി. സംഭവത്തിന്റെ വീഡി​യോ വൈറലായതി​നെ തുടർന്ന് രമേശ് നാരായണനെ വി​മർശി​ച്ച് സി​നി​മാ പ്രവർത്തകരുൾപ്പെടെ രംഗത്തുവന്നിരുന്നു.