കുത്തിവച്ചതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു, ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ

Sunday 21 July 2024 8:50 AM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു. നെയ്യാറ്റിൻകര മച്ചേൽ മണപ്പുറം ശരത് ഭവനിൽ കൃഷ്ണപ്രിയയാണ് (28) മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്.

കൃഷ്ണപ്രിയ അബോധാവസ്ഥയിലായ സംഭവത്തിൽ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ സർജറി വിഭാഗം ഡോക്ടർ വിനുവിനെതിരെ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്നാണിത്. കൃഷ്‌ണപ്രിയയ്ക്ക് അലർജിയും ആസ്‌‌ത്‌മയും ഉണ്ടായിരുന്നതായും അത് പരിഗണിക്കാതെയാണ് കുത്തിവയ്‌പ് എടുത്തതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.


തിങ്കളാഴ്ചയായിരുന്നു സംഭവം. കടുത്ത വയറുവേദനയെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച കൃഷ്‌ണപ്രിയ തൈക്കാട് ആശുപത്രിയിലും തുടർന്ന് മലയിൻകീഴ് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. തൈക്കാട് ആശുപത്രിയിൽ സ്കാനിംഗ് നടത്തിയപ്പോൾ വൃക്കയിൽ കല്ല് കണ്ടെത്തി. അല്പം മൂർച്ഛിച്ച അവസ്ഥയിലാണെന്നും അടിയന്തരമായി സർജനെ കാണാനും നിർദ്ദേശിച്ചു.

തിങ്കളാഴ്ച ബന്ധുക്കൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രി ഒ.പിയിലെത്തി സർജനെ കണ്ടു. പരിശോധനകൾക്ക് ശേഷം വാർഡിൽ പ്രവേശിപ്പിച്ചു. തുടർപരിശോധനകൾക്കായി രക്തവും മൂത്രവും എടുത്ത് നൽകി. ഇത് ലാബിൽ നൽകാനായി കൂടെയുണ്ടായിരുന്ന ബന്ധു പോയപ്പോൾ കുത്തിവയ്‌പ് നൽകിയെന്നാണ് പരാതി. തുടർന്ന് യുവതി ബോധരഹിതയായതോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അതേസമയം, അലർജിയുണ്ടെന്ന് പെൺകുട്ടിയോ കൂടെയുള്ളവരോ പറഞ്ഞില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. യുവതിക്ക് ഡ്രിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രശ്നം ഉണ്ടായത്. കുത്തിവയ്‌പ് എടുത്തെന്ന ആരോപണം ശരിയല്ല.വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിലാണ് യുവതിയെ മെഡിക്കൽ കോളേജിലേക്ക് അയച്ചതെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

Advertisement
Advertisement