നിപ ബാധിച്ച 14കാരന്റെ നില ഗുരുതരമായി തുടരുന്നു, മോണോക്ലോണൽ ആന്റിബോഡി ഉടനെത്തുമെന്ന് ആരോഗ്യമന്ത്രി

Sunday 21 July 2024 11:49 AM IST

മലപ്പുറം: നിപ സ്ഥിരീകരിച്ച മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ 14കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അൽപസമയത്തിനകം രോഗചികിത്സയ്ക്കാവശ്യമായ മോണോക്ലോണൽ ആന്റിബോഡി പൂനെ വെെറോളജി ലാബിൽ നിന്ന് എത്തും. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് ചേർന്നിരുന്നുവെന്നും മോണോക്ലോണൽ ആന്റിബോഡി നൽകുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ തീരുമാനിച്ചെന്നും മന്ത്രി വ്യക്തമാക്കി.

സമ്പർക്ക പട്ടികയിലുള്ള രണ്ട് കുട്ടികളുടെയും മറ്റൊരാളുടെയും സാമ്പിൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. കേരളത്തിൽ ആദ്യം പരിശോധന നടത്തും. നിലവിൽ 246 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇവരിൽ 63 പേർ ഹെെറിസ്ക് വിഭാഗത്തിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പിസിആർ ചെയ്യാൻ കഴിയും. പൂനെയിൽ നിന്ന് ഒരു മൊബെെൽ ലാബ് കൂടി പുറപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആളുകൾ കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ട്. വിവാഹം, സൽക്കാരം അടക്കമുളള പരിപാടികൾക്ക് പരമാവധി 50 പേർക്കുമാത്രമാണ് അനുമതി. പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർണമായും അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങൾ മാസ്‌ക് ധരിക്കണം.

ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വേണ്ടത് ജാഗ്രതയാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ പറഞ്ഞിരുന്നു. നിപ ബാധിതനായ കുട്ടി ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലും സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മുപ്പതുപേരടങ്ങിയ പ്രത്യേക സംഘത്തിനാണ് ചികിത്സയുടെ ചുമതല.

Advertisement
Advertisement