അവധിക്ക് നാട്ടിൽ പോകുന്ന പ്രവാസികൾ ശ്രദ്ധിക്കൂ; ശമ്പളം റദ്ദാക്കൽ, പിരിച്ചുവിടൽ ഭീഷണി ഒപ്പമുണ്ട്

Sunday 21 July 2024 3:13 PM IST

അബുദാബി: തൊഴിൽ തേടി അനേകായിരങ്ങളാണ് വർഷാവർഷം നമ്മുടെ നാട്ടിൽ നിന്ന് വിദേശ രാജ്യങ്ങളിലേയ്ക്ക് പോകുന്നത്. പ്രവാസജീവിതത്തിനായി പോകുന്ന മലയാളികൾ ഉൾപ്പെടെയുള്ള പല ഇന്ത്യക്കാരും തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇത്തരത്തിൽ മറുനാടുകളിൽ പോകുന്നവർ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമായിരിക്കും അവധിക്ക് നാട്ടിൽ വരുന്നത്. ഇവരിൽ പലരും ആശങ്കപ്പെടുന്ന ഒന്നായിരിക്കും അവധി നീട്ടിയാൽ തൊഴിൽ ഉടമയ്ക്ക് അതിന്റെ പേരിൽ പിരിച്ചുവിടാനാകുമോയെന്നത്.

തൊഴിൽ ഉടമയ്ക്ക് അവധി നീട്ടാനുള്ള അപേക്ഷ നൽകി അത് നിരസിക്കപ്പെട്ടതിനുശേഷവും പ്രത്യേക സാഹചര്യങ്ങളാൽ തൊഴിലാളിക്ക് അവധി നീട്ടേണ്ടി വന്നാൽ അയാളെ പിരിച്ചുവിടുമോ? ലീവ് ബാക്കിയുണ്ടെന്നിരിക്കെ തൊഴിലാളിയുടെ അവധി അപേക്ഷ തൊഴിലുടമയ്ക്ക് നിരസിക്കാനാവുമോ എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമറിയാം.

യുഎഇയിൽ ഒരു വർഷത്തിൽ കൂടുതൽ സേവനം പൂർത്തിയാക്കുന്ന തൊഴിലാളിക്ക് തുടർന്നുള്ള ഓരോ വർഷവും പ്രതിവർഷം 30 ദിവസത്തെ അവധിക്ക് അർഹതയുണ്ട്. തൊഴിൽ നിയന്ത്രണവുമായി ബന്ധപ്പെട്ട 2021ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 33ന്റെ ആർട്ടിക്കിൾ (29) (1) (എ) പ്രകാരമാണിത്.

  • മുഴുവൻ വേതനത്തോടൊപ്പം പ്രതിവർഷം 30 ദിവസത്തെ വാർഷിക അവധിക്കുള്ള അവകാശം.
  • യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (29) (4) പ്രകാരം ജീവനക്കാരുടെ വാർഷിക അവധിയുടെ തീയതികൾ തീരുമാനിക്കുന്നത് തൊഴിലുടമയുടെ വിവേചനാധികാരത്തിലാണ്.
  • തൊഴിലുടമയ്ക്ക് ജോലി ആവശ്യകതകൾക്കനുസൃതമായും ജീവനക്കാരനുമായുള്ള ചർച്ചകൾക്കുശേഷവും അവധി തീയതികൾ നിശ്ചയിക്കാം. അല്ലെങ്കിൽ ജോലിയുടെ സുഗമമായ നടത്തിപ്പിനായി ജീവനക്കാർക്കിടയിൽ ലീവ് തിരിക്കാം. അവധിയുടെ തീയതി കുറഞ്ഞത് ഒരു മാസം മുൻപെങ്കിലും തൊഴിലുടമ ജീവനക്കാരനെ അറിയിക്കണം.
  • കൃത്യമായ കാരണമില്ലാതെ അംഗീകൃത അവധി കാലയളവിനുശേഷം ജീവനക്കാരൻ നേരിട്ട് ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ ആ കാലയളവിലെ ശമ്പളത്തിന് അർഹതയുണ്ടായിരിക്കുകയില്ല. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 34 അനുസരിച്ചാണിത്.
  • ഒരു വർഷത്തിൽ തുടർച്ചയായി ഏഴ് ദിവസമോ ഇടവിട്ട് ഇരുപത് ദിവസങ്ങളോ ​​കൃത്യമായ കാരണമില്ലാതെ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ ജീവനക്കാരനെ ഒരു അറിയിപ്പ് കൂടാതെ തൊഴിലുടമയ്ക്ക് പിരിച്ചുവിടാം. യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 44(8) പ്രകാരമാണിത്.
  • അവധി നീട്ടുന്നതിന് സത്യസന്ധമായ കാരണമുള്ളവർ ഇതുസംബന്ധിച്ച രേഖകൾ തൊഴിലു‌ടമയ്ക്ക് സമർപ്പിച്ചതിനുശേഷം അദ്ദേഹത്തെ വിശ്വാസത്തിലെടുക്കാൻ ശ്രമിക്കണം.
  • തൊഴിലുടമയുടെ അംഗീകാരമില്ലാതെ വാർഷിക അവധി നീട്ടുകയാണെങ്കിൽ ശമ്പളം നഷ്‌ടപ്പെടൽ, ജോലിയിൽ നിന്ന് പിരിച്ചുവിടൽ എന്നിവ നേരിടേണ്ടി വരാം.
  • സാധുവായ കാരണം ഉണ്ടായിട്ടും പിരിച്ചുവിടുകയാണെങ്കിൽ അവശ്യ രേഖകൾ സമർപ്പിച്ച് ഇതിനെ ചോദ്യം ചെയ്യാവുന്നതാണ്.