സൈന്യത്തിന്‍റെ സഹായം തേടാൻ വൈകി; മനുഷ്യജീവന്‍റെ കാര്യത്തിൽ അലംഭാവം പാടില്ലെന്ന് വി മുരളീധരൻ
തിരുവനന്തപുരം: മലയാളി ഡ്രൈവർ അർജുന്‍റെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്‍റെ സഹായം തേടാൻ കർണാടക സർക്കാർ വൈകിയെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. കോൺഗ്രസ് സംഘടന ജന.സെക്രട്ടറി മലയാളിയായിട്ടും പാർട്ടി ഭരിക്കുന്ന സംസ്ഥാനം അലംഭാവം തുടരുകയാണ്. കുവൈത്തിൽ അപകടം നടന്നപ്പോൾ പോകാൻ തിടുക്കം കാണിച്ച കേരളത്തിലെ മന്ത്രിമാർക്ക് കർണാടകയിൽ എത്താൻ എന്താണ് താമസം. ആമയിഴഞ്ചാൻ തോട്ടിൽ വീണ ജോയി മരിക്കാൻ കാരണം സംസ്ഥാന സർക്കാരാണ്. മനുഷ്യജീവന്‍റെ കാര്യത്തിൽ ഇത്തരം സമീപനം പാടില്ലെന്നും മുൻ കേന്ദ്രമന്ത്രി പ്രതികരിച്ചു.
അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ അർജുനെ (30) കണ്ടെത്താനായുളള രക്ഷാദൗത്യം തുടരുകയാണ്. അർജുനായി തെരച്ചിൽ നടത്തിയ മൺകൂനയിൽ ലോറി ഇല്ലെന്ന് കണ്ടെത്തിയിരുന്നു. റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് ലോറി കണ്ടെത്താനായില്ലെന്ന് കർണാടക റവന്യു മന്ത്രി കൃഷ്‌ണ ബൈര ഗൗഡയാണ് സ്ഥിരീകരിച്ചത്.
പ്രദേശത്തെ 98 ശതമാനം മണ്ണും നീക്കി. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതിനാൽ ഇതിൽ കൂടുതൽ മണ്ണെടുക്കാനാകില്ല. ഇനിയും മണ്ണ് നീക്കിയാൽ വീണ്ടും മണ്ണിടിച്ചിലുണ്ടാകുമെന്ന് ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടർപരിശോധന സൈന്യത്തിന്റെ തീരുമാനപ്രകാരമായിരിക്കും.
പുഴയിലെ പരിശോധന അതിസങ്കീർണമാണ്. പരിശോധന തുടരുന്നതിൽ നാവികസേനയുടെ നിർദേശത്തിനായി കാക്കുകയാണ്. തെരച്ചിലിൽ വിവേചനം കാട്ടിയിട്ടില്ല. ഇന്ത്യയുടെ എല്ലാ ഭാഗത്തുള്ളവരും നമ്മുടെ മനുഷ്യർ തന്നെയാണെന്നും മന്ത്രി വ്യക്തമാക്കി.