അർജുന്റെ ലോറി ഗംഗാവലിയിൽ, കണ്ടെത്താൻ ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ

Monday 22 July 2024 12:00 AM IST

അങ്കോള (ഉത്തര കർണാടക): മണ്ണിടിച്ചിലിൽ ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുനെ തെരയാൻ കരസേന എത്തിയെങ്കിലും ആധുനിക റഡാർ ഇല്ലാത്തതിനാൽ ആഴത്തിലുള്ള തെരച്ചിൽ നടന്നില്ല. റോഡിൽ പതിച്ച മൺകൂനയിൽ അർജുനും ലോറിയും ഇല്ലെന്ന് പറയുന്നു. ഭൂരിഭാഗം മണ്ണും നീക്കിയിട്ടുണ്ട്.

മണ്ണിടിച്ചിലിൽ ഗംഗാവലി നദിയിൽ രൂപപ്പെട്ട ദ്വീപുകൾ പോലുള്ള മണൽക്കൂനകളുടെ ഉള്ളിലാകാം അർജുനും ലോറിയും എന്നാണ് പുതിയ നിഗമനം. ഇവിടെ തെരയാൻ വെള്ളത്തിലും കരയിലും ഉപയോഗിക്കാവുന്ന ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ കൊണ്ടുവരും. ബെൽഗാമിൽ നിന്നുള്ള മേജർ അഭിഷേകിന്റെ നേതൃത്വത്തിൽ 40 സൈനികർ എത്തിയെങ്കിലും റഡാർ ഇല്ലാത്തത് തടസമായി. സൈന്യത്തിന്റെ തെരച്ചിലും ഇന്നലെ രാത്രി ഏഴരയോടെ നിറുത്തി. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതിനാലാണ് തെരച്ചിൽ നിറുത്തേണ്ടിവന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തിയിരുന്നു. ഇന്നു രാവിലെ തെരച്ചിൽ തുടരും.

ശനിയാഴ്ച വൈകിട്ടാണ് മണ്ണിനടിയിൽ ലോഹാവശിഷ്ടം 70 ശതമാനമുണ്ടെന്ന സൂചന റഡാറിൽ ലഭിച്ചത്. ഇവിടത്തെ മണ്ണാണ് ഇന്നലെ നീക്കിയത്. ആറു നാളായിട്ടും അർജുനെ കണ്ടെത്താത്തത് ഗുരുതര വീഴ്ചയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ഹൃദയം നുറുങ്ങുന്ന വേദനയിലും സമചിത്തത പാലിച്ച അർജുന്റെ കുടുംബം ആകെ തളർന്ന നിലയിലാണ്.

ദുരന്തത്തിന് മുമ്പ്

അർജുനെ കണ്ടെന്ന്

ദുരന്തത്തിന് മുമ്പ് അർജുനെയും ലോറിയെയും ഷിരൂരിലെ റോഡരികിൽ കണ്ടതായി ദൃക്‌സാക്ഷികൾ. ദേശീയപാത രണ്ടായി പിരിയുന്നതിന്റെ തൊട്ടുമുമ്പാണ് ലോറി കിടന്നത്. 25 മീറ്റർ മാറി ടാങ്കറും ഉണ്ടായിരുന്നു. 16ന് രാവിലെ അഞ്ചരയ്‌ക്ക് അതുവഴി പോയപ്പോൾ ലോറിയുടെ ക്യാബിനിൽ അർജുൻ ഉറങ്ങുന്നത് കണ്ടെന്ന് സുഹൃത്തും ഡ്രൈവറുമായ സവാദ് പറയുന്നു. അർജുനെ കണ്ടെന്ന് സുഹൃത്ത് വിനീഷും രാവിലെ ലോറി കണ്ടെന്ന് മറ്റൊരു ദൃക്സാക്ഷിയും പറഞ്ഞു. കിടക്കാൻ പോവുകയാണെന്ന് പുലർച്ചെ മൂന്നരയ്‌ക്ക് സുഹൃത്തായ ഡ്രൈവറോട് അർജുൻ പറഞ്ഞിരുന്നു. ഇവിടെ ലക്ഷ്മണയുടെ ചായക്കടയുടെ അടുത്ത് അർജുൻ ഉണ്ടായിരുന്നതിന്റെ സ്ഥിരീകരണമാണിത്.

''രക്ഷാദൗത്യത്തിൽ കാലതാമസം ഉണ്ടായിട്ടില്ല. എൻ.ഡി.ആർ.എഫും സൈന്യവും സർക്കാർ സംവിധാനങ്ങൾ മുഴുവനും തെരയുന്നുണ്ട്. കുടുംബത്തിന്റെ വിഷമം മനസിലാക്കുന്നു

-സിദ്ധരാമയ്യ,

കർണാടക മുഖ്യമന്ത്രി

Advertisement
Advertisement