മാമ്പഴ മധുരത്തിൽ നാലാം നിലയിലെ മട്ടുപ്പാവ്
ഇന്ന് ദേശീയ മാങ്ങ ദിനം
കൊച്ചി: കുഞ്ഞുനാൾ മുതൽ പ്രിയതരമായ മാമ്പഴം വീടിന്റെ നാലാം നിലയിലെ മട്ടുപ്പാവിൽ വിളയിക്കുകയാണ് ലിയോ അൽഫോൺസ് (43). മാവുകളിലെ ലക്ഷപ്രഭുവായ ജപ്പാനിലെ മിയാസാക്കി മുതൽ ചന്ദ്രക്കാരൻ വരെ ഇരുപതിലേറെ ഇനങ്ങൾ. ചതുര സിമന്റ് തൊട്ടിയിലാണ് കൃഷി.
നാം ഡോക് മായി, നാം ഡോക് മായി പർപ്പിൾ, നാം ഡോക് മായി ഗോൾഡ് (തായ്ലൻഡിലെ പ്രശസ്ത ഇനങ്ങൾ),ആർ2 ഇ2, ടോമി അറ്റ്കിൻ, റെഡ് ഐവറി, ബ്രൂണൈ കിംഗ്, അമേരിക്കൻ റെഡ് പ്ലാമർ, കാലാപാടി, ബനാന മാംഗോ, മൽഗോവ, ഹിമാപസന്ത്, കാറ്റിമോൻ, കുളമ്പ്, മല്ലിക, കേസർ, കോട്ടൂർ കോണം, പാര ആർത്തിക്, ചന്ദ്രക്കാരൻ, കോംഗ്ഷൾ, ഗോലുക്, അൽഫോൺസ, ബംഗരപ്പള്ളി എന്നിവയാണ് പ്രധാന ഇനങ്ങൾ. പേര, സപ്പോട്ട, കരിമ്പ്, പപ്പായ, വാഴ എന്നിവയുമുണ്ട്.
ഹെയർ സ്റ്റൈലിസ്റ്റായ കാഞ്ഞിരപ്പള്ളിക്കാരൻ ലിയോ ലണ്ടനിൽ ജോലി ചെയ്യവേയാണ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. 2019ൽ അഞ്ചുമന റോഡിലെ നാലര സെന്റിൽ 'സ്വരക്ഷ" എന്ന നാലുനില വീട് പണിതു. ഒരുനില ഭൂമിക്കടിയിലുള്ള വീട് വള്ളിപ്പടർപ്പുകളും അലങ്കാരപ്പനകളും നിറഞ്ഞ കാടിന്റെ പ്രതീതിയിലാണ്. കനേഡിയൻ മലയാളി ഷിജോയാണ് ഭാര്യ. മക്കൾ: സ്റ്റീവ്, സ്മിത്.
മിയാസാക്കി മാമ്പഴം
കിലോയ്ക്ക് മൂന്നു ലക്ഷം രൂപ വിലയുള്ള മിയാസാക്കി മാമ്പഴമാണ് രാജാവ്. ജപ്പാനിൽ നിന്ന് 10,000 രൂപയ്ക്കാണ് തൈ എത്തിച്ചത്. രണ്ടുവർഷത്തിൽ മാങ്ങയുണ്ടായി. വലിപ്പം കുറവാണ്. ജപ്പാനിൽ ഈ മാവിൽ ഒരു മാങ്ങയേ വളർത്തൂ. ആദ്യമായതിനാൽ മാങ്ങയെല്ലാം ലിയോ വിളയിച്ചെടുത്തു. അടുത്ത തവണ ഒന്നോ രണ്ടോ മാങ്ങ മാത്രം നിലനിറുത്തും. 1000 - 2000 രൂപയ്‌ക്ക് മിയാസാക്കി എന്ന പേരിൽ ഇന്ത്യയിൽ കിട്ടുന്ന മാങ്ങ ഒറിജിനൽ അല്ലെന്നും ലിയോ പറഞ്ഞു.
കുട്ടിക്കാലം മുതലേ മാമ്പഴങ്ങളോട് ഇഷ്ടമാണ്. വിദേശത്ത് പോയപ്പോഴാണ് നമ്മുടെ മാമ്പഴത്തിന്റെ വില മനസിലായത്.
- ലിയോ അൽഫോൺസ്