ഡോ.അമ്പലപ്പുഴ ഗോപകുമാർ അന്തരിച്ചു

Monday 22 July 2024 2:12 AM IST
ഡോ. അമ്പലപ്പുഴ ഗോപകുമാർ

അമ്പലപ്പുഴ: കവിയും ചരിത്രകാരനും പ്രഭാഷകനും ആലപ്പുഴ എസ്.ഡി കോളേജ് മലയാള വിഭാഗം മുൻ മേധാവിയുമായ അമ്പലപ്പുഴ പടിഞ്ഞാറെനട ഗോവർദ്ധനത്തിൽ ഡോ. അമ്പലപ്പുഴ ഗോപകുമാർ (80) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നുച്ചയ്‌ക്ക് രണ്ടിന് അമ്പലപ്പുഴയിലെ വീട്ടുവളപ്പിൽ.

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,​ ചെമ്പകശേരി, കുഞ്ചൻ നമ്പ്യാർ, അമ്പലപ്പുഴ വേലകളി എന്നിവയുടെ ചരിത്രം കൃതികളിലൂടെ മലയാളികൾക്ക് പകർന്നു നൽകിയ അദ്ദേഹം വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയായിരുന്നു. 20ഓളം കവിതാസമാഹാരങ്ങളും എട്ടിലധികം മറ്റു കൃതികളും രചിച്ചിട്ടുണ്ട്. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം, വെണ്മണി പുരസ്കാരം, ജന്മാഷ്ടമി പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

കേരള യൂണിവേഴ്സിറ്റി പിഎച്ച്.ഡി ബോർഡ് അംഗം, സമസ്ത കേരള സാഹിത്യ പരിഷത്ത് ബോർഡംഗം, അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റ്, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്, കുഞ്ചൻ നമ്പ്യാർ മെമ്മോറിയൽ സെക്രട്ടറി, ശ്രീവാസ്തവം ചീഫ് എഡിറ്റർ, ജവഹർ ബാലഭവൻ അഡ്മിനിസ്ട്രേറ്റർ, പുറക്കാട് ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ ആർ.എസ്.എസ് വിഭാഗ് സഹ സംഘചാലക് ആണ്. ഭാര്യ: പ്രൊഫ.ജി.വിജയലക്ഷ്മി. മക്കൾ: ദേവ നാരായണൻ, കൃഷ്ണ ഗോപാലൻ. മരുമക്കൾ: ഡോ.പ്രിയ, അഞ്ജു.

Advertisement
Advertisement