'ബാപ്പയും മക്കളും' സംഘം കൂടുതൽ മോഷണം നടത്തി
കൊച്ചി: കൊച്ചിയിൽ വമ്പൻ കൊള്ളയടിക്കെത്തി പൊലീസിന്റെ വലയിലായ 'ബാപ്പയും മക്കളും' സംഘത്തിലെ രണ്ടുപേർ കോഴിക്കോട് കേന്ദ്രീകരിച്ചും മോഷണം നടത്തിയതായി കണ്ടെത്തി. വിശദമായ ചോദ്യംചെയ്യലിലാണ് കോഴിക്കോട് കുറ്റിക്കാട്ടൂർ വലിയപറമ്പ് കീഴ്‌മാടത്തിൽ മേക്കൽ മുഹമ്മദ് തൈഫും (20), കല്ലായി ചക്കുംകടവ് എംപി ഹൗസിൽ എം.പി ഫാസിലും (23) താമരശേലും കൊയിലാണ്ടിയിലും കൂടുതൽ കവർച്ചകൾ നടത്തിയതായി വ്യക്തമായത്. റിമാൻഡിൽ കഴിയുന്ന പ്രതികളെ വൈകാതെ താമരശേരി, കോഴിക്കോട് പൊലീസ് കസ്റ്റയിലെടുക്കും.
കൊയിലാണ്ടിയിൽ നിന്ന് മോഷ്ടിച്ച രണ്ട് ബൈക്കുകൾ ഒളിപ്പിച്ച സ്ഥലത്തെക്കുറിച്ച് പ്രതികൾ പൊലീസിന് സൂചന നൽകിയിട്ടുണ്ട്. താമരശേരിയിലെ മൈക്രോലാബിൽ നിന്ന് 68,000 രൂപയും നാലു മൊബൈൽ ഫോണുകളും പ്രതികൾ മോഷ്ടിച്ചിരുന്നു. ഇതിൽ ഒരു മൊബൈൽ ഫോൺ കണ്ടെടുത്തു. സെൻട്രിയൽ ബസാറിൽ നിന്ന് ഒന്നര ലക്ഷം രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചതും കൊയിലാണ്ടി സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരു ബുള്ളറ്റും സ്‌കൂട്ടറും മോഷ്ടിച്ചതും സമ്മതിച്ചിട്ടുണ്ട്. ബംഗളൂരുവിൽ മോഷണം നടത്തിയ ശേഷമാണ് കൊച്ചിയിൽ എത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സെൻട്രൽ പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ സി. അനൂപ്, ഷാഹിന എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പിടിയിലായത് മകനും കൂട്ടാളികളും
നിരവധി മോഷണക്കേസുകളിൽ പ്രതികളായ ഫസലുദീനും മക്കളും അടങ്ങുന്ന സംഘം 'ബാപ്പയും മക്കളും' എന്നപേരിലാണ് അറിയപ്പെടുന്നത്. ഇതിലെ മകനും കൂട്ടാളികളുമാണ് ഇന്നലെ പിടിയിലായത്. എറണാകുളം പ്രൊവിഡന്റ്സ് റോഡിലെ ഒരു വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച സംഘം അടുത്തുള്ള മറ്റൊരു സ്ഥാപനത്തിൽനിന്ന് മൊബൈൽഫോണും വാച്ചും മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു.