നിപ പ്രതിരോധം ശക്തം: മുഖ്യമന്ത്രി

Monday 22 July 2024 12:59 AM IST

തിരുവനന്തപുരം: മലപ്പുറത്ത് നിപ ബാധിതനായ പതിനാലുകാരന്റെ ജീവൻ രക്ഷിക്കാൻ സാദ്ധ്യമായ എല്ലാ ശ്രമവും നടത്തിയതായി മുഖ്യമന്ത്രി പിണറായിവിജയൻ അറിയിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട് . മന്ത്രി മലപ്പുറത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നേതൃത്വം നൽകുന്നു. രോഗ പ്രതിരോധനടപടികളുടെ ഭാഗമായി 25 കമ്മിറ്റികൾ മണിക്കൂറുകൾക്കുള്ളിൽ രൂപീകരിച്ചു. സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള നടപടികൾ ഉൗർജ്ജിതമാണ്. 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. സമ്പർക്ക പട്ടിക തയ്യാറാക്കുകയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രാഥമിക സമ്പർക്ക പട്ടികയിൽ 246 പേരും അതിൽ ഹൈ റിസ്‌ക് വിഭാഗത്തിൽ 63 പേരുമാണ് നിലവിലുള്ളത്. രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകൾ പരിശോധിക്കും.

30 ഐസൊലേഷൻ റൂമുകൾ

മഞ്ചേരി മെഡിക്കൽ കോളേജിൽ 30 ഐസൊലേഷൻ റൂമുകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ അതിതീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ താല്ക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വണ്ടൂർ, നിലമ്പൂർ, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ പ്രത്യേക പനി ക്ലിനിക്കുകൾ തുടങ്ങാൻ നിർദ്ദേശം നൽകി. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളിൽ ഭക്ഷണം, മരുന്ന് ഉൾപ്പെടെയുള്ളവ എത്തിക്കുന്നതിന് സന്നദ്ധ പ്രവർത്തകരുടെ സേവനം ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

Advertisement
Advertisement