മുഖ്യമന്ത്രി സ്തുതിയിൽ വിശദീകരണം, തനിക്ക് പിതാവിന്റെ വഴി: ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രിയെ പ്രശംസിച്ച തന്റെ പ്രസംഗം വിമർശന വിധേയമായതിന് പിന്നാലെ, വിശദീകരണവുമായി ചാണ്ടിഉമ്മൻ എം.എൽ.എ. താൻ സംസാരിച്ചത് രാഷ്ട്രീയ വേദിയിലല്ല. അനുസ്മരണ ചടങ്ങിൽ രാഷ്ട്രീയം പറഞ്ഞിട്ടില്ല. വ്യക്തിപരമായ ചില കാര്യങ്ങൾ മാത്രമാണ് അവിടെ വിശദീകരിച്ചത്. അതിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകരുതെന്നാണ് തനിക്ക് അഭ്യർത്ഥിക്കാനുള്ളത്.
തന്റെ പിതാവ് ഉണ്ടായിരുന്ന സമയത്ത് എന്താണ് നടന്നതെന്ന് മാത്രമാണ് ചടങ്ങിൽ വിശദീകരിച്ചത്. രാഷ്ട്രീയമായി എന്തു നടന്നുവെന്ന് പറഞ്ഞിട്ടേയില്ല. ക്ഷമയുടെയും സഹിഷ്ണുതയുടെയും പാതയാണ് പിതാവ് തനിക്ക് കാട്ടി തന്നിട്ടുള്ളത്. കല്ലെറിഞ്ഞവരോട് ക്ഷമിച്ച വ്യക്തിയാണ് തന്റെ പിതാവ്. തന്റെ പാതയും അതുതന്നെയാണ്. അതിനാൽ അനുസ്മരണ ചടങ്ങിനെ വെറുതെ വിടണം.
അതേസമയം, കറുപ്പ് വസ്ത്രമുടുത്ത് മുഖ്യമന്ത്രിക്കെതിരെ വഴിയിലിരുന്ന് കരിങ്കൊടി കാണിച്ചയാളാണ് താൻ. സോളാർ സമയത്ത് തന്റെ പിതാവിനെ ഈ വ്യക്തി ആക്രമിച്ചു. തന്നെ ആക്രമിച്ചു, തന്റെ വിവാഹംവരെ മുടങ്ങി. പിതാവിനെ കൊല്ലാൻ ശ്രമിച്ചു എന്നുവരെ ആക്ഷേപിച്ചു. അതു പറയുന്നതിൽ തനിക്ക് മടിയില്ല. രാഷ്ട്രീയമായ എതിർപ്പ് തുടരും. എന്നാൽ സമൂഹം ഒന്നായി പോകണമെങ്കിൽ എല്ലാവരും വേണം. ആരെയും മാറ്റി നിറുത്താനാവില്ലെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രിയെ പ്രശംസിച്ച ചാണ്ടി ഉമ്മനെ വിമർശിച്ച് കോൺഗ്രസുമായി അടുപ്പമുള്ള മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം രംഗത്തു വന്നിരുന്നു. ജനസ്വീകാര്യതയില്ലാത്ത മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിന് ചാണ്ടിഉമ്മൻ കരുവായതാണ് വിമർശനത്തിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം ചാണ്ടിഉമ്മന് എഴുതിയ കത്തിൽ വ്യക്തമാക്കിയിരുന്നു.