ആറ് ഗിയറുള്ള ഇരുചക്ര അത്ഭുതങ്ങൾ
കൊച്ചി: ഇന്ത്യൻ ഇരുചക്ര വാഹന വിപണി പ്രധാനമായും അഞ്ച് ഗിയർ വാഹനങ്ങളുടെ പറുദീസയാണ്. മികച്ച കരുത്തും ഉയർന്ന മൈലേജുമാണ് അഞ്ച് ഗിയർ വാഹനങ്ങളുടെ പ്രധാന ആകർഷണം. ഇതിനിടയിലാണ് മൈലേജും കരുത്തും മെച്ചപ്പെടുത്തുമെന്ന വാഗ്ദാനവുമായാണ് ആറ് ഗിയർ വാഹനങ്ങൾ വിപണിയിലെത്തുന്നത്. ആറ് ഗിയറുള്ള വാഹന വിപണിയിലെ പ്രധാന താരങ്ങൾ ഇവരാണ്.
യമഹാ ആർ 15
ചെറുപ്പക്കാരുടെ ഏറ്റവും വലിയ സ്വപ്നമാണ് യമഹ ആർ 15. 155 സി.സി ലിക്വിഡ് കൂൾ എൻജിനുമായി എത്തുന്ന യമഹ ആർ 15 യുവത്വത്തിന്റെ വലിയ ആവേശമാണ്. ശക്തിയും വേഗതയും സ്‌റ്റൈലും സമാസമം സമന്വയിപ്പിച്ചിട്ടുള്ള ഈ ടു വീലർ യുവാക്കളുടെ എല്ലാ പ്രതീക്ഷകൾക്കും സാക്ഷാത്കരിക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ആറ് ഗിയറുള്ള വാഹനത്തെ കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നതും യമഹ ആർ 15 ആണ്.
യമഹ വൈ.ഇസഡ്.എഫ് ആർ 15 ന്റെ വില 1.78 ലക്ഷം മുതൽ 1.82 ലക്ഷം രൂപ വരെയാണ്.
യമഹ എം 15
ആധുനിക ലുക്കിൽ യമഹ പുതുതലമുറയ്ക്കായി പുറത്തിറക്കുന്ന വാഹനമാണ് യമഹ എം 15. യമഹ ആർ 15 ന്റെ ഫീച്ചറുകളുമായാണ് ഈ വണ്ടിയും വിപണിയിലെത്തുന്നത്. എൻജിനും പ്രകടനവും സമാനമാണെങ്കിലും ലുക്ക് വ്യത്യസ്ഥമാണ്. സിക്സ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഈ വാഹനത്തിലും സാദ്ധ്യമാണ്. മുംബയിലെ എക്സ് ഷോറൂം വില 1.61 ലക്ഷം രൂപ മുതലാണ്. യമഹ ആർ. 15 വാങ്ങാൻ പറ്റാത്തവർക്കുള്ള രണ്ടാമത്തെ ഓപ്ഷനാണിത്.
കെ.ടി.എം 200 ഡ്യൂക്ക്
ഇരുനൂറ് സി.സി വിഭാഗത്തിൽ ഏറ്റവുമധികം വില്പന നേടുന്ന പ്രധാന ഇരുചക്ര വാഹനങ്ങളിലൊന്നാണ് കെ. ടി. എം 200 ഡ്യൂക്ക്. 199.5 സി.സി ലിക്വിഡ് കൂൾ എൻജിനുമായി എത്തുന്ന കെ. ടി.എം 200 ഡ്യൂക്കിന് മുംബയ് എക്സ് ഷോറൂം വില 1.76 ലക്ഷം രൂപ മുതലാണ്. സിക്സ് സ്പീഡ് മാനുവൽ സബ്സ്ക്രപ്‌ഷനോടെയാണ് വണ്ടി വിപണിയിലെത്തുന്നത്.
കെ.ടി. എം 125 ഡ്യൂക്ക്
കെ.ടി.എം 200 ഡ്യൂക്കിന്റെ ഇളയ സഹോദരനാണ് കെ.ടി.എം 125 ഡ്യൂക്ക്. 125 സി.സിയിൽ ആറ് ഗിയറുള്ള ഇന്ത്യയിലെ ഏക ടു വീലറാണ് കെ.ടി.എം 125 ഡ്യൂക്ക്. 124.7 സി.സി എൻജിനാണ് ഇതിനുള്ളത്. ഈ ബൈക്കിന്റെ എക്‌സ് ഷോറൂം വില 1.41 ലക്ഷം രൂപ മുതൽ തുടങ്ങുന്നു.
ബജാജ് പൾസർ 200 എൻ.എസ്
ഇന്ത്യൻ കമ്പനിയായ ബജാജിന്റെ ആറ് ഗിയറുള്ള പവർഫുൾ ടു വീലർ മികച്ച കരുത്തോടെയാണ് വിപണിയിലെത്തുന്നത്. ഇന്ത്യൻ കമ്പനികൾ പുതിയ വാഹനങ്ങളിൽ നടത്തുന്ന മികച്ച മത്സരക്ഷമതയുടെ ഉദാഹരണം കൂടിയാണ് പൾസർ 200 എൻ. എസ്. ആറ് ഗിയറുള്ള ഈ വാഹനത്തിന് 1.3 ലക്ഷം രൂപ മുതലാണ് വില. 199.5 സി.സി ലിക്വിഡ് കൂൾ എൻജിനാണ് ഇതിലുമുള്ളത്.