എല്ലാവരും തഴഞ്ഞിട്ട ഇവയ്ക്ക് ഇന്ന് കിലോയ്ക്ക് വില 40 രൂപ വരെ,​ വിദേശത്തേക്കും കയറ്റി അയയ്ക്കുന്നു

Monday 22 July 2024 12:30 AM IST

ചേർത്തല: കടൽ കടക്കാനൊരുങ്ങി കരപ്പുറത്തെ കറിവേപ്പില. ചേർത്തല നിയോജക മണ്ഡലത്തിലെ മതിലകത്ത് പ്രവർത്തിക്കുന്ന കരപ്പുറം ഗ്രീൻസ് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനാണ്,​ നഗരസഭയിലേയും തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലേയും കർഷകരിൽ നിന്ന് ശേഖരിച്ച 500 കിലോ കറിവേപ്പില വിദേശത്തേക്ക് ആദ്യമായി കയറ്റി അയക്കുന്നത്. ആഴ്ചയിൽ രണ്ടുപ്രാവശ്യം കറിവേപ്പില വിദേശത്ത് എത്തിക്കും. കിലോയ്ക്ക് 40 രൂപ നിരക്കിലാണ് കർഷകരിൽ നിന്ന് കറിവേപ്പില വാങ്ങുന്നത്. ചേർത്തലയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ കയറ്റി അയ്‌ക്കാനും കരപ്പുറം ഗ്രീൻസിന് കരാർ ലഭിച്ചിട്ടുണ്ട്. ആഴ്ചയിൽ 1500 കിലോ പച്ചക്കറിക്കാണ് അനുമതി. എന്നാൽ,​ പച്ചക്കറിയുടെ ലഭ്യതക്കുറവ് കാരണം കൂടുതൽ അയയ്ക്കാൻ കഴിയുന്നില്ല.30 കർഷകരുടെ കൂട്ടായ്‌മയാണ് കരപ്പുറം ഗ്രീൻസ്.

ഓണത്തിന് മുമ്പ് 3,000 കർഷകരെ അംഗങ്ങളാക്കാനാണ് നീക്കം. ഇതോടെ ആഴ്ചയിൽ 5000 കിലോ പച്ചക്കറി കയറ്റി അയയ്ക്കാനാകും. വി.എസ്. ബൈജു വലിയവീട്ടിൽ (പ്രസിഡന്റ്),​ ഷിനാസ് (സെക്രട്ടറി),സുഭാഷ് (ഖജാൻജി),തണ്ണീർമുക്കം കൃഷി ഓഫീസർ ജോസഫ് ജഫ്രീ, നോഡൽ ഓഫീസർ എന്നിരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

കർഷകർക്ക് ലഭിക്കും നല്ലവില

1. ചേർത്തല മണ്ഡലത്തിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ കരപ്പുറം ഗ്രീൻസ് വാങ്ങുന്നതിലൂടെ മികച്ചവിലയാണ് കർഷകർക്ക് ലഭിക്കുന്നത്
2. തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിലാണ് കർഷകർ മതിലകത്തെ കരപ്പുറം ഗ്രീൻസ് ഓഫീസിൽ പച്ചക്കറി എത്തിക്കുന്നത്

3. വ്യാപാരികളാണ് ഇപ്പോൾ ഇവിടെനിന്ന് പച്ചക്കറികൾ വാങ്ങുന്നത്. ഉത്പാദനം വർദ്ധിച്ചാൽ കയറ്റുമതി വർദ്ധിക്കും

Advertisement
Advertisement