എട്ട് അടി താഴ്ചയില്‍ 30 മീറ്റര്‍ നീളമുള്ള കുഴി, ആരെങ്കിലും വീണിട്ട് നടപടിയാകാമെന്ന് ചിന്തിക്കുന്ന അധികാരികളും

Monday 22 July 2024 1:06 AM IST

കുളത്തൂര്‍: ദേശീയപാത 66ന്റെ ഭാഗമായ സര്‍വീസ് റോഡില്‍ യാത്രക്കാരെ കാത്തിരിക്കുന്നത് പടുകുഴി. യു.എസ്.ടി ഗ്ലോബല്‍, ഇന്‍ഫോസിസ് എന്നിവയുടെ എതിര്‍വശത്താണ് 30 മീറ്റര്‍ നീളത്തിലും 8 അടി താഴ്ചയിലും റോഡ് ഇടിഞ്ഞു താഴ്ന്നത്. ഏഴുമാസമായി ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിലച്ചിട്ട്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും മണ്ണും നീക്കിയതല്ലാതെ മറ്റ് പണികളൊന്നും നടന്നില്ല. നിരവധി വ്യാപാര സ്ഥാപനങ്ങളും കണ്‍വെന്‍ഷന്‍ സെന്ററും ഈ റോഡിനരികത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. കാല്‍ നടയാത്ര പോലും സാദ്ധ്യമല്ലാത്തതിനാല്‍ കടകളിലെ കച്ചവടവും കുറഞ്ഞു. നിലവില്‍ കോലത്തുകര ശ്മശാനം വഴിയുള്ള ഇടുങ്ങിയ റോഡിലൂടെയാണ് പ്രദേശവാസികള്‍ യാത്രചെയ്യുന്നത്.

2023 ഡിസംബര്‍ 10നാണ് അശാസ്ത്രീയമായ നിര്‍മ്മാണത്തെത്തുടര്‍ന്ന് റോഡില്‍ വിള്ളല്‍ രൂപപ്പെട്ടത്. മഴകൂടി പെയ്തതോടെ ഇടിഞ്ഞു. താഴ്ന്ന ഭാഗത്ത് ചല്ലി നിരത്തി ടാറിംഗ് നടത്താന്‍ ശ്രമിക്കുന്നതിനിടെ പൂര്‍ണമായി ഇടിഞ്ഞ് താഴ്ന്നു. ആ സമയം വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ആയിരക്കണക്കിന് ജനങ്ങള്‍ ഉപയോഗിക്കുന്ന റോഡ് എത്രയും വേണം ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സ്ഥലത്തെ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

ഓടയും തകര്‍ന്നു

ദേശീയപാതയോട് ചേര്‍ന്ന് നിര്‍മ്മിച്ച ഓടയും പൂര്‍ണമായും തകര്‍ന്നു. ഇതോടെ ഓടയിലൂടെ എത്തുന്ന മലിനജലം ഈ ഭാഗത്ത് കെട്ടിക്കിടക്കാന്‍ തുടങ്ങി. മഴയത്ത് സമീപത്തെ വ്യാപാര- ജനവാസ മേഖലയില്‍ വെള്ളം കയറുന്നതും സ്ഥിരം സംഭവമായി. മൂന്നു വീടുകള്‍ തകരുകയും ചെയ്തു. അപകടങ്ങളും തുടര്‍ക്കഥയായി.

പ്രതി കരാറുകാരോ

റോഡ് പണിക്ക് കരാര്‍ ഏറ്റെടുത്ത കമ്പനിക്കാണ് അറ്റകുറ്റപ്പണിയുടെ ചുമതല. എന്നാല്‍ ദേശീയ പാത അധികൃതര്‍ പഴയ കരാറുകാരനെ സഹായിക്കാനായി പുതിയ കരാറുകാരെ നിര്‍മ്മാണം ഏല്പിച്ചു. കഴക്കൂട്ടം- കടമ്പാട്ടുകോണം ദേശീയപാതയുടെ നിര്‍മ്മാണം ഏറ്റെടുത്ത ആര്‍.ഡി.എക്‌സ് കമ്പനിയെ നിര്‍മ്മാണം ഏല്പിച്ചെങ്കിലും അവര്‍ പിന്നീട് പിന്‍വാങ്ങി. തുടര്‍ന്ന് മറ്റൊരാളെ ചുമതലപ്പെടുത്തിയെങ്കിലും തകര്‍ന്ന റാേഡിന്റെ അവശിഷ്ടങ്ങള്‍ മാറ്റിയതല്ലാതെ മറ്റൊന്നും നടന്നില്ല.

കുളത്തൂര്‍ ഗുരു നഗര്‍ സര്‍വീസ് റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കണം. -കോലത്തുകര പ്രമോദ് (എസ്.എന്‍.ഡി.പി ശാഖ പ്രസിഡന്റ്)

ഈ ദുരവസ്ഥയ്ക്ക് കാരണക്കാരായ ദേശീയപാത അധികൃതര്‍ക്കെതിരെ നടപടിയെടുക്കണം.

-ഷമ്മി (കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്)

Advertisement
Advertisement