''ശക്തമായ ഒരു ലോബി നിലനിൽക്കുന്നതുകൊണ്ട് ഇത് കേരളത്തിൽ നടപ്പാകില്ല എന്നാണ് അവർ പറഞ്ഞത്''

Monday 22 July 2024 11:52 AM IST

കടലാസ് മുദ്രപ്പത്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനുള്ള നീക്കത്തിൽ സംസ്ഥാന സര്‍ക്കാര്‍. നിലവിലുള്ള ആധാരമെഴുത്തിന് പകരം പുതിയ ടെംപ്ലെറ്റിലേക്ക് കാര്യങ്ങള്‍ മാറും. ഇപ്പോള്‍ 22തരം ആധാരങ്ങളാണ് ഉള്ളത്. അവ പര്യാപ്തമല്ലാത്തതിനാലാണ് പൂര്‍ണമായും ഒഴിവാക്കി ടെംപ്ലേറ്റുകളിലേക്ക് മാറുന്നത്. ഇതോടെ സംസ്ഥാനത്ത് വസ്തു രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുത്തന്‍ സംവിധാനത്തിലേക്ക് മാറും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ആധാരമെഴുത്തുകാരുമായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഈ മാസം 24ന് ചര്‍ച്ച നടത്തും. പുത്തന്‍ സംവിധാനം നടപ്പിലാക്കുന്നതിന്റെ പ്രാരംഭ നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നുകഴിഞ്ഞുവെന്നാണ് ലഭ്യമായ വിവരം.

എന്നാൽ ആധാരം എഴുത്തും മുദ്രപ്പത്രവില്പനയും കൊണ്ട് ജീവിക്കുന്ന ശക്തമായ ഒരു ലോബി നിലനിൽക്കുന്നതുകൊണ്ട് ഇത് കേരളത്തിൽ നടപ്പാകാൻ സാദ്ധ്യതയില്ലെന്ന് പറയുകയാണ് മുരളി തുമ്മാരുകുടി. സുഹൃത്തുക്കളായ അഭിഭാഷകരുമായി സംസാരിച്ചപ്പോൾ ലഭിച്ച വിവരമാണ് അദ്ദേഹം പങ്കുവച്ചത്.

''ആധാരമെഴുത്തും സ്റ്റാന്പ് പേപ്പറും

ഏതോ കാലഘട്ടത്തിന്റെ ഫോസിലുകളാണ് ഇവ രണ്ടും. ഒരു നൂറ്റാണ്ട് മുൻപെങ്കിലും എടുത്തു കളയേണ്ടതായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ഒരിക്കൽ ലണ്ടനിലെ ബുക്ക് സ്റ്റോറിൽ പോയപ്പോൾ മനുഷ്യന് സാധാരണഗതിയിൽ ആവശ്യമുള്ള കരാറുകൾ എല്ലാം, വിൽപത്രം ഉൾപ്പടെ, ഉണ്ടാക്കാനുള്ള വ്യത്യസ്തമായ ഫോമുകൾ കണ്ടിരുന്നു. അതിൽ നമ്മുടെയും നമ്മൾ കരാറിൽ ആകുന്ന വ്യക്തിയുടെയും പേര് എഴുതി, സ്റ്റാൻഡേർഡ് ആയ കണ്ടീഷനിൽ നിന്നും വേണ്ടാത്തത് എടുത്ത് കളഞ്ഞ്, പ്രത്യേകം എന്തെങ്കിലും കൂട്ടിച്ചേർക്കാൻ ഉണ്ടെങ്കിൽ കൂട്ടിച്ചേർത്ത് ഒപ്പിട്ട് കൊടുക്കേണ്ട കാര്യമേ ഉള്ളൂ. വിൽപ്പത്രം വാങ്ങുകയോ, എഴുത്തുകാരെ അന്വേഷിച്ചു പോവുകയോ, എഴുത്തുകാർ എഴുതിയത് മനസ്സിലാക്കാൻ പിന്നെ വക്കീൽ ഗുമസ്തന്മാരെ അന്വേഷിക്കുകയോ വേണ്ട.

അന്ന് തന്നെ ഞാൻ എന്റെ വക്കീൽ സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞിരുന്നു. പക്ഷെ ആധാരം എഴുത്തും മുദ്രപ്പത്രവില്പനയും കൊണ്ട് ജീവിക്കുന്ന ശക്തമായ ഒരു ലോബി നിലനിൽക്കുന്നതുകൊണ്ട് ഇത് കേരളത്തിൽ നടപ്പാകില്ല എന്നാണ് അവർ മറുപടി പറഞ്ഞത്. സത്യമാണോ എന്നറിയില്ല.

ഇപ്പോൾ അക്കാര്യത്തിൽ ചർച്ചകൾ വരുന്നു. കാലം മാറുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്. അടുത്ത നൂറ്റാണ്ടിൽ എങ്കിലും സ്റ്റാന്പ് പേപ്പർ മ്യൂസിയത്തിൽ മാത്രം കാണാം എന്ന പ്രതീക്ഷയോടെ...

മുരളി തുമ്മാരുകുടി''.

എന്നാൽ, പദ്ധതി നടപ്പായാൽ ടെംപ്ളേറ്റുകൾ കൂടുതല്‍ മാതൃകകള്‍ നിലവില്‍ വരും. ആധാരം ചെയ്യുന്ന വ്യക്തിയുടെ പേര്, വസ്തുവിന്റെ വിവരങ്ങള്‍, സാക്ഷിയെ സംബന്ധിക്കുന്ന വിവരങ്ങള്‍, വസ്തുവിന്റെ മുന്‍കാല രേഖകളിലെ വിവരങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി പ്രത്യേക കോളങ്ങളുണ്ടാകും.

ആധാരം സംബന്ധിച്ച മറ്റ് വിവരങ്ങളുണ്ടെങ്കില്‍ അത് ചേര്‍ക്കാനുള്ള പ്രത്യേക കോളമുണ്ടാകും. ഇഷ്ട ദാനം, ഭാഗപത്രം ഉള്‍പ്പെടെയുള്ളവ ഈ ഭാഗത്ത് രേഖപ്പെടുത്താം. ഇതെല്ലാം ചേര്‍ത്ത് ഓണ്‍ലൈന്‍ മുഖേന സബ് റജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച് ഇ സ്റ്റാംപിങ് സംവിധാനത്തിലൂടെ സ്റ്റാംപ് ഡ്യൂട്ടിയും റജിസ്‌ട്രേഷന്‍ ഫീസും ഒടുക്കിയാല്‍ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവും. ആധാരമെഴുത്തുകാര്‍ മുഖേനയാവും ഇതെല്ലാം നടപ്പാക്കുക.

ടെംപ്ളേറ്റ് സംവിധാനത്തിലേക്ക് മാറുമ്പോള്‍ തൊഴില്‍ പ്രതിസന്ധിയുണ്ടാവുമെന്ന ആധാരമെഴുത്തുകാരുടെ ആശങ്ക അകറ്റാനാണ് ചര്‍ച്ച. കടലാസ് മുദ്രപ്പത്രങ്ങള്‍ ഒഴിവാകുന്നതിനൊപ്പം ആധാര രജിസ്ട്രേഷന്‍ സുതാര്യവും ലളിതവുമാവുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ആധാരങ്ങളില്‍ രേഖപ്പെടുത്തേണ്ട എല്ലാ വിവരങ്ങളും നിശ്ചിത മാതൃകയിലുള്ള ഫോറത്തില്‍ കൃത്യതയോടെ ചേര്‍ത്ത് നല്‍കുകയാണ് ടെംപ്‌ളേറ്റിന്റെ രീതി. ഓരോരോ വിവരത്തിനും പ്രത്യേക കോളങ്ങളുണ്ടാവും. ആധാരകക്ഷിയുടെ പേര്, വസ്തുവിന്റെ വിശദാംശങ്ങള്‍, സാക്ഷികളെക്കുറിച്ചുള്ള വിവരങ്ങള്‍, വസ്തുവിന്റെ മുന്‍ചരിത്രം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തണം. അധിക വിവരങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേക സ്ഥലവുമുണ്ടാവും.

ഇഷ്ടദാനം, ധനനിശ്ചയം,ഭാഗപത്രം തുടങ്ങിയ ഇനങ്ങളില്‍ ഭൂ ഉടമയുടെ ഇഷ്ടാനിഷ്ടങ്ങള്‍ കൂടി ഈ ഭാഗത്ത് രേഖപ്പെടുത്താം. ഭൂ ഉടമ വയോജനവിഭാഗത്തിലുള്‍പ്പെട്ട ആളാണെങ്കില്‍, രേഖപ്പെടുത്തുന്ന ഇഷ്ടങ്ങള്‍ പാലിക്കാതെ വന്നാല്‍ വയോജന നിയമം ബാധകമാക്കാം. ഓണ്‍ലൈന്‍ മുഖേന ഇതെല്ലാം ചേര്‍ത്ത് സബ് രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച് ഇസ്റ്റാമ്പിംഗ് സംവിധാനത്തിലൂടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും ഒടുക്കിയാല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവും. ആധാരമെഴുത്തുകാര്‍ മുഖേനയാവും ഇതെല്ലാം നടപ്പാക്കുക.

Advertisement
Advertisement