നിപ ബാധിതന്റെ സമ്പർക്കപ്പട്ടികയിൽ തിരുവനന്തപുരം, പാലക്കാട് സ്വദേശികളും; തലസ്ഥാനത്ത് നാല് പേർ നിരീക്ഷണത്തിൽ

Monday 22 July 2024 11:58 AM IST

തിരുവനന്തപുരം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ തിരുവനന്തപുരം, പാലക്കാട് സ്വദേശികളും. തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാല് പേരാണ് സമ്പർക്കപ്പട്ടികയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ രണ്ട് പേർ പ്രാഥമിക സമ്പർക്കപ്പട്ടികയിലാണ്.

സമ്പർക്കപ്പട്ടികയിലുള്ള ഒരാൾക്ക് പനിയുള്ളതായും റിപ്പോർട്ടുകളുണ്ട്. നിപ ബാധിതനായ കുട്ടി ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്ത് യുവാവും ആശുപത്രിയിൽ എത്തിയിരുന്നു. മലപ്പുറത്ത് നിന്ന് തിരികെ നാട്ടിൽ എത്തിയിട്ടും യുവാവിന്റെ പനി മാറിയില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല.

നാല് സാമ്പിളുകൾ ഇന്ന് പരിശോധിക്കും. ഇവരെ നിരീക്ഷണത്തിലാക്കാൻ മെഡിക്കൽ കോളേജ് പേവാർഡിൽ രണ്ട് നില ഒഴിച്ചിട്ടിട്ടുണ്ട്. അതേസമയം, നിപ ബാധിച്ച് മരിച്ച പതിനാലുകാരൻ അമ്പഴങ്ങ കഴിച്ചതായി സ്ഥിരീകരിച്ചു. രോഗത്തിന്റെ ഉറവിടം അമ്പഴങ്ങയിൽ നിന്നാണോയെന്ന് പരിശോധിച്ചുവരികയാണ്. അതോടൊപ്പം തന്നെ കുട്ടി ചികിത്സ തേടിയ ആശുപത്രിയിൽ എത്തിയവരുടെ സാമ്പിളുകളും പരിശോധിക്കും.

കുട്ടിയുടെ മാതാപിതാക്കളടക്കം ഒൻപതുപേരുടെ സാമ്പിളുകളാണ് ഇന്ന് കോഴിക്കോട് പരിശോധിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇതിൽ ആർക്കും രോഗലക്ഷണങ്ങളില്ല. കുട്ടി ബസിൽ കയറിയിട്ടുണ്ട്. ബസ് ഏതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സമ്പർക്കപ്പട്ടികയിലുള്ള നാല് പേരുടെ സാമ്പിൾ തിരുവനന്തപുരത്ത് പരിശോധിക്കുമെന്ന് അവലോകന യോഗത്തിന് ശേഷം മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. 'മലപ്പുറം ജില്ല കൂടാതെ തിരുവനന്തപുരത്തും പാലക്കാടുമാണ് സമ്പർക്കപ്പട്ടികയിലുള്ളവർ ഉൾപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരത്ത് നാല് പേരുണ്ട്. അതിൽ രണ്ട് പേർ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളതാണ്. രണ്ട് പേർ സെക്കന്ററി കോൺടാക്ടാണ്. പാലക്കാട് രണ്ടുപേരാണ് ഉള്ളത്. ഇതിലൊരാൾ സ്റ്റാഫ് നഴ്സാണ്. മറ്റേയാൾ ആശുപത്രിയിലെ സെക്യൂരിറ്റിയാണ്. രാവിലെ വരെയുള്ള കണക്കനുസരിച്ച് 350 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 101 പേർ ഹൈറിസ്‌ക് കാറ്റഗറിയാണ്. 68 പേർ ആരോഗ്യപ്രവർത്തകരാണ്.'- മന്ത്രി പറഞ്ഞു.

Advertisement
Advertisement