മര്യനാട്ട് വീണ്ടും തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു; പരിക്കേറ്റ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
Monday 22 July 2024 12:18 PM IST
തിരുവനന്തപുരം: വള്ളം മറിഞ്ഞ് പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. തിരുവനന്തപുരം മര്യനാടാണ് സംഭവം. മര്യനാട് അർത്തിയിൽ പുരയിടം പത്രോസ് (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45നാണ് ആറംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട എല്ലാവരും നീന്തിക്കയറി.
അപകടത്തിനിടെ വള്ളത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്ര പത്രോസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്‌ചയ്‌ക്കിടെ വള്ളം മറിഞ്ഞുണ്ടായ മൂന്നാമത്തെ അപകട മരണമാണിത്. രണ്ട് ദിവസം മുമ്പും മര്യനാട് വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചിരുന്നു. മര്യനാട് സ്വദേശി സേവ്യർ (62) ആണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞാണ് അപകടം ഉണ്ടായത്.