'സർക്കാരിന്റെ വിവിധ ക്ഷേമ - വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന', തിരുവനന്തപുരത്തിന്റെ പുതിയ കളക്‌ടർ ചുമതലയേറ്റു

Monday 22 July 2024 3:17 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറായി അനു കുമാരി ചുമതലയേറ്റു. മുൻ ജില്ലാ കളക്ടർ ജെറോമിക് ജോർജ് പുതിയ കളക്ടർക്ക് ചുമതല കൈമാറി. കേരള സംസ്ഥാന ഐടി മിഷൻ ഡയറക്ടറായിരുന്നു അനു കുമാരി.

ജില്ലയിൽ നിലവിൽ നടക്കുന്ന സർക്കാരിന്റെ വിവിധ ക്ഷേമ - വികസന പ്രവർത്തനങ്ങൾക്കായിരിക്കും പ്രഥമ പരിഗണനയെന്ന് ജില്ലാ കളക്ടർ അനു കുമാരി പറഞ്ഞു. വിദ്യാഭ്യാസം, സാമൂഹ്യ നീതി, വിനോദസഞ്ചാരം തുടങ്ങി എല്ലാ മേഖലകളിലേയും വികസന പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകുമെന്നും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

2018 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥയാണ് ഹരിയാന സ്വദേശിനി അനു കുമാരി. തിരുവനന്തപുരം ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് തലശേരി സബ് കളക്ടറായും 2022ൽ തിരുവനന്തപുരം ജില്ലാ വികസന കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡൽഹി യൂണിവേഴ്‌സിറ്റിൽ നിന്ന് ഫിസിക്‌സ് വിഷയത്തിൽ ബിരുദവും നാഗ്പൂർ ഐ എം ടിയിൽ നിന്ന് ഫിനാൻസ് ആൻഡ് മാർക്കറ്റിങിൽ എം ബി എയും നേടിയിട്ടുണ്ട്. ഡൽഹി സ്വദേശിയായ ബിസിനസുകാരൻ വരുൺ ദഹിയയാണ് ഭർത്താവ്. ആറാം ക്ലാസ് വിദ്യാർത്ഥിയായ വിയാൻ ദഹിയ ഏക മകനാണ്.