അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14കാരന് രോഗമുക്തി; ലോകത്തുതന്നെ അപൂർവ്വം

Monday 22 July 2024 3:46 PM IST

കോഴിക്കോട്: അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന് രോഗമുക്തി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ലോകത്തുതന്നെ മസ്തിഷ്‌ക ജ്വരം ബാധിച്ച് രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മുഴുവന്‍ സംഘത്തെയും അഭിനന്ദിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ രോഗ ലക്ഷണങ്ങള്‍ മസ്തിഷ്‌ക ജ്വരത്തിന്റേതാകാം എന്ന് സംശയം പ്രകടിപ്പിക്കുകയായിരുന്നു. അന്നേദിവസം തന്നെ കുട്ടിയ്ക്ക് അപസ്മാരം ഉണ്ടാവുകയും കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

14കാരനായി ആരോഗ്യവകുപ്പ് മിൽട്ടെഫൊസൈൻ മരുന്ന് പ്രത്യേകമായി എത്തിച്ച് നല്‍കുകയും ചെയ്തു. മൂന്നാഴ്ച നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് കുട്ടി രോഗമുക്തി നേടിയത്. നേരത്തെ തന്നെ രോഗം കണ്ടെത്താന്‍ സാധിച്ചതും, ലഭ്യമായ ചികിത്സകള്‍ മുഴുവനും കുട്ടിയ്ക്ക് ഉറപ്പ് വരുത്താന്‍ സാധിച്ചതും കൊണ്ടാണ് ഇത് കൈവരിക്കാന്‍ കഴിഞ്ഞതെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു.

കഴിഞ്ഞദിവസം അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സംസ്ഥാന ചികിത്സാ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സമഗ്രമായ മാര്‍ഗരേഖ പുറത്തിറക്കുന്നത്.