നിപ രോഗിയുടെ സമ്പർക്കപ്പട്ടികയിലെ 9 പേരുടെ സാമ്പിളുകൾ നെഗറ്റീവ്
തിരുവനന്തപുരം : മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 14കാരന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 9 പേരുടെ സാമ്പിളുകൾ നെഗറ്റീവ്. പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് 9 പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആയത്. 13 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 9 പേരുടെ ഫലമാണ് പുറത്തുവന്നത്.
406 പേരാാണ് സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇവരിൽ 194 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. 139 പേർ ആരോഗ്യ പ്രവർത്തകരാണ്. 14കാരൻ മരിച്ച പ്രദേശത്തെ 7239 വീടുകളിൽ ആരോഗ്യവകുപ്പ് സർവേ നടത്തി. ഇതിൽ 439 പേർ പനി ബാധിതരാണ്. ഇതിൽ 4 പേർ കുട്ടിയുമായി സമ്പർക്കമുള്ളവരാണ്. 2023ൽ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് ഇപ്പോഴും സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാല് പേരാണ് സമ്പർക്കപ്പട്ടികയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ രണ്ട് പേർ പ്രാഥമിക സമ്പർക്കപ്പട്ടികയിലാണ്.
അതേസമയം മരിച്ച 14കാരന്റെ വിശദമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. പുതിയ റൂട്ട് മാപ്പിലുള്ള സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ നിപ കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. നേരത്തേ പ്രാഥമിക റൂട്ട് മാപ്പ് തയ്യാറാക്കിയിരുന്നെങ്കിലും കുട്ടി മരിച്ചതിനെ തുടർന്നാണ് വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കിയത് ഇന്നലെ രാവിലെ 10.50നാണ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14കാരൻ മരിച്ചത്. രാവിലെ 10.50ന് ഹൃദയാഘാതമുണ്ടായതോടെയാണ് സ്ഥിതി കൂടുതൽ വഷളായത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്നും മന്ത്രി വീണാ ജോർജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.