ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് ഈ രംഗത്ത്, ആളുകള്‍ പിന്‍മാറുന്നത് ഭയം കാരണം

Monday 22 July 2024 8:27 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന മേഖലകളില്‍ ഒന്നായി മാറിയിരിക്കുകയാണ് പഴവിപണി. കേരളത്തില്‍ നിപ്പ സ്ഥിരീകരിക്കുകയും മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. പഴം തിന്നുന്ന വവ്വാലുകളാണ് നിപ്പ വൈറസ് വാഹകരനെന്ന വിദഗ്ദ്ധരുടെ അഭിപ്രായമാണ് ആളുകള്‍ പഴവിപണിയില്‍ നിന്ന് അകലം പാലിക്കാന്‍ കാരണം.

നിപ്പ വാര്‍ത്തകളുടെ സ്ഥിരീകരണമുണ്ടായതോടെയാണ് വിപണി പ്രതിസന്ധിയിലായത്. മലബാര്‍ മേഖലയിലാണ് കൂടുതല്‍ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത് വില്‍പ്പന നാലിലൊന്നായി വരെ കുറഞ്ഞുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. മദ്ധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും നിപ്പ വൈറസ് ഭീതിയില്ലെങ്കിലും പഴം വിപണിയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. പഴങ്ങള്‍ക്ക് വില കുറച്ചിട്ട് പോലും ആളുകള്‍ വാങ്ങാന്‍ തയ്യാറാകുന്നില്ലെന്നും കച്ചവടക്കാര്‍ പറയുന്നു.

ആളുകള്‍ പഴങ്ങള്‍ വാങ്ങുന്നത് കുത്തനെ കുറഞ്ഞത് സംസ്ഥാനത്തെ മൊത്തക്കച്ചവടക്കാരേയും ചെറുകിട വ്യാപാരികളേയും ഒരുപോലെ തന്നെ ബാധിച്ചിട്ടുണ്ട്. നിപ്പ സ്ഥിരീകരിച്ചതോടെ ആളുകള്‍ പഴം വാങ്ങുന്നത് കുറച്ച സാഹചര്യത്തില്‍ മൊത്തക്കച്ചവടക്കാരില്‍ നിന്ന് സാധനം എടുക്കുന്നത് കുറച്ചിരിക്കുകയാണ് ചെറുകിട വ്യാപാരികള്‍. വരും ദിവസങ്ങളില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

പുറത്തെ അന്തരീക്ഷ താപനിലയെ അതിജീവിക്കാന്‍ കഴിയാത്ത വൈറസ് നിശ്ചിത സമയം മാത്രമേ നിലനില്‍ക്കൂവെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. വവ്വാല്‍ പേടിയില്‍ പഴങ്ങള്‍ കഴിക്കുന്നത് ഉപേക്ഷിക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും പഴം വിപണിയെ രോഗവ്യാപനം തളര്‍ത്തുകയാണ്. 30 ശതമാനം വരെ വില കുറഞ്ഞിട്ടുണ്ട് മാമ്പഴം ഉള്‍പ്പെടെയുള്ള പഴങ്ങള്‍ക്ക്. വരുംദിവസങ്ങളില്‍ കയറ്റുമതിയും പ്രതിസന്ധിയിലാകുമെന്ന ആശങ്കയുണ്ട് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്.

Advertisement
Advertisement