ഓണത്തിന് പൂക്കളും പച്ചക്കറിയുമായി കുടുംബശ്രീ

Tuesday 23 July 2024 4:32 AM IST

'നിറപ്പൊലിമ' 'ഓണക്കനി' സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

തിരുവനനന്തപുരം: ഓണപ്പൂളത്തിന് പൂക്കളും സദ്യയ്ക്ക് വിഷരഹിത പച്ചക്കറികളുമൊരുക്കാൻ കുടുംബശ്രീ. പൂക്കൃഷി സംരംഭമായ 'നിറപ്പൊലിമ 2024'നും വിഷരഹിത പച്ചക്കറികളുടെ ഉത്പാദനത്തിനായി 'ഓണക്കനി 2024'നും ഇന്ന് സംസ്ഥാനത്ത് തുടക്കമാവും. പെരുങ്കടവിള അണമുഖത്ത് രാവിലെ 10.30ന് മന്ത്രി എം.ബി രാജേഷ് ഇരുപദ്ധതികളുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.

കുടുംബശ്രീയിലെ കർഷക വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയിൽ ജമന്തി,മുല്ലപ്പൂ,ചെണ്ടുമല്ലി,വാടാമുല്ല എന്നിവ ആയിരം ഏക്കറിൽ കൃഷി ചെയ്യും. കൃഷിവകുപ്പിന്റെ സാങ്കേതിക സഹായവും വിപണനമാർഗങ്ങളും സജ്ജമാക്കും. നിലവിൽ 3350 കർഷക സംഘങ്ങൾ 1250 ഏക്കറിൽ പൂക്കൃഷി ചെയ്യുന്നുണ്ട്.

കൂടാതെ വിഷവിമുക്ത പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കുന്നതിന് ഈ വർഷം 2500 ഹെക്ടറിൽ പയർ,പാവൽ,വെണ്ട, പടവലം,നേന്ത്രക്കായ,ചീര,ചേന,തക്കാളി,വഴുതന,മുരിങ്ങ,മാങ്ങ,മുളക് എന്നിവ കൃഷി ചെയ്യും. കർഷകർ മുഖേനയാണ് കാർഷികോത്പന്നങ്ങൾ പൊതുവിപണിയിലേക്ക് നേരിട്ടെത്തിക്കുന്നത്.

നിലവിൽ കുടുംബശ്രീയുടെ കീഴിൽ 11298 കർഷകസംഘങ്ങൾ 2000 ഹെക്ടറിൽ പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറി കൃഷിയിലൂടെ ഈ വർഷം 20,000 പേർക്കും പൂക്കൃഷിയിലൂടെ ഓണം സീസണിൽ 5000 പേർക്കും ഉൾപ്പെടെ സംസ്ഥാനത്ത് 25,000 കർഷക വനിതകൾക്ക് ഉപജീവനമാർഗമാണ് പ്രതീക്ഷിക്കുന്നത്.

ഓണം,ക്രിസ്മസ്,വിഷു,റംസാൻ തുടങ്ങിയ വിശേഷാവസരങ്ങൾ കൂടാതെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എല്ലാ വിപണനമേളകളിലും കാർഷികോത്പന്നങ്ങൾ എത്തിച്ചു വിപണനം നേടാനാം അവസരവുമൊരുക്കും.

Advertisement
Advertisement