കേന്ദ്രം കടക്കെണിയിൽ: മന്ത്രി ബാലഗോപാൽ
തിരുവനന്തപുരം: കേരളം കടക്കെണിയിലെന്ന് പ്രചരിപ്പിക്കുന്ന കേന്ദ്ര സർക്കാരാണ് യഥാർത്ഥത്തിൽ വൻ സാമ്പത്തിക ബാദ്ധ്യതയിലെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിച്ചു.
ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്രബഡ്ജറ്റിന് മുന്നോടിയായി ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2011–12ൽ ഇന്ത്യയുടെ ആകെ കടം 45,17,252 കോടി രൂപയായിരുന്നു. അത് ഇപ്പോൾ 1,83,67,133 കോടി രൂപയായി ഉയർന്നു. 2011–21വർഷങ്ങളിൽ ആഭ്യന്തര മൊത്ത ഉൽപാദനത്തിന്റെ 51.7 ശതമാനമായിരുന്നു. നിലവിൽ അത് 56 ശതമാനമാണ്.
അക്കൗണ്ടന്റ് ജനറലിന്റെ അവസാനത്തെ കണക്കുപ്രകാരം കേരളത്തിന്റെ കടം ആഭ്യന്തര ഉൽപാദനത്തിന്റെ 33.09 ശതമാനം മാത്രമാണ്. എന്നിട്ടാണ് കേരളം കടക്കെണിയിലാണെന്ന ദുഷ്പ്രചാരണം.
കേന്ദ്രത്തിന്റെ 2023–24ലെ റവന്യു കമ്മി 8,40,527 കോടി രൂപയാണ്. ആഭ്യന്തര മൊത്ത ഉൽപദാനത്തിന്റെ 2.8 ശതമാനമാണിത്. അക്കൗണ്ടന്റ് ജനറലിന്റെ കണക്കുപ്രകാരം കേരളത്തിന്റേത് 1.48 ശതമാനം മാത്രമാണ്.കേന്ദ്രത്തിന്റെ ധന കമ്മി 5.9 ശതമാനമാണ്. കേരളത്തിന്റേത് 2.81 ശതമാനവും.
ഇന്ത്യയിലെ വർത്തമാനകാല യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കാത്ത സാമ്പത്തിക സർവേ റിപ്പോർട്ടാണ് കേന്ദ്ര സർക്കാർ പാർലമെന്റിൽ സമർപ്പിച്ചതെന്ന് ബാലഗോപാൽ പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 9.36 ശതമാനമാണെന്ന് ജൂണിലെ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും വിലക്കയറ്റമില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. ദാരിദ്ര്യ സൂചികയിൽ 125 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 111 ആണ്. എന്നിട്ടും വലിയ സാമ്പത്തിക വളർച്ച നേടിയെന്നാണ് അവകാശവാദം. ഇന്ത്യയുടെ കയറ്റുമതിയിൽ ഒരു വളർച്ചയും കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിട്ടില്ലെന്നാണ് സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നതെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു.