കേന്ദ്ര ബഡ്‌ജറ്റ് ഇന്ന് പ്രത്യേക പാക്കേജ് കാത്ത് കേരളം

Tuesday 23 July 2024 12:59 AM IST

തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറന്നതിനാൽ പത്തു വർഷമായി അവഗണിച്ചിരുന്ന കേരളത്തിനായി കേന്ദ്ര ബഡ്ജറ്റിൽ പ്രത്യേക പാക്കേജ് കിട്ടുമോയെന്ന് ഇന്നറിയാം. വിനോദ സഞ്ചാര മേഖലയിൽ വലിയ പ്രഖ്യാപനങ്ങളാണ് കേരളം കാത്തിരിക്കുന്നത്.നാഗപട്ടണം പള്ളി മുതൽ തൃശൂർ ലൂർദ് പള്ളി വരെ നീളുന്ന ടൂറിസം സർക്യൂട്ട് പദ്ധതിക്ക് കേന്ദ്ര ടുറിസം സഹമന്ത്രി സുരേഷ് ഗോപി നിർദേശിച്ചിട്ടുണ്ട്. വേളാങ്കണ്ണി, മംഗളാദേവി, മലയാറ്റൂർ,കാലടി,കൊടുങ്ങല്ലൂർ തുടങ്ങിയെല്ലാം പദ്ധതിയിൽ ഉൾപ്പെടുമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. അതിനാൽ ടൂറിസം മേഖല ബഡ്ജറ്റിൽ പുതിയ ഉണർവ് പ്രതീക്ഷിക്കുന്നു..

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം വികസനം. ശബരിമലയുടെ വികസനത്തിന് പ്രത്യേക പദ്ധതികൾ. കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ്, വടക്കുനാഥ ക്ഷേത്രം, പാലയൂർ പള്ളി എന്നിവക്കിടയിൽ ഒരു തീർത്ഥാടന ടൂറിസം സർക്യൂട്ട് എന്നിവയും കേരളത്തിന്റെ പ്രതീക്ഷകളാണ്.

കേരളത്തിന്റെ പ്രതീക്ഷകൾ

#സാമ്പത്തിക പ്രയാസങ്ങൾ രൂക്ഷമായ കേരളം പ്രതീക്ഷിക്കുന്നത് സാമ്പത്തിക പാക്കേജാണ്. കുടിശികകൾ തീർക്കാനും വിഴിഞ്ഞം തുറമുഖത്തിന് അടിസ്ഥാന സൗകര്യമൊരുക്കാനും പണം ആവശ്യമാണ്. ദേശീയ പാതയ്ക്കും, റോഡ് വികസനത്തിനും വൈദ്യുതി വിതരണ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും വ്യവസായങ്ങൾക്ക് സ്ഥലം ഏറ്റെടുക്കാനും റെയിൽവേ ലൈനുകളുണ്ടാക്കാനും പാക്കേജ് വേണം.

#പ്രതിസന്ധികളിൽ നിന്ന് കരകയറാൻ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് വേണ്ടത്.

# റെയിൽവേയിൽ കഴിഞ്ഞ വർഷം മേൽപ്പാലങ്ങളും അമൃത് സ്റ്റേഷൻ നവീകരണവും മാത്രമാണ് കിട്ടിയത്. ഇത്തവണ മൂന്നാം പാതയും സിഗ്നൽ നവീകരണവും അങ്കമാലി-ശബരി പാതയും വളവുകൾ നിവർത്താനുള്ള പദ്ധതികളും നേമം ടെർമിനലും കെ.റെയിലിന് അനുമതിയുമാണ് കേരളം പ്രതീക്ഷിക്കുന്നത്.

#താങ്ങുവിലയില്ലാതെ മുന്നോട്ട് പോവാനാകില്ലെന്ന് റബർ കർഷകർ പറയുന്നു. 200 രൂപയെങ്കിലും വേണമെന്നാണ് ആവശ്യം.

Advertisement
Advertisement