വെല്ലുവിളികളും അവസരങ്ങളും തിരിച്ചറിഞ്ഞ് സാമ്പത്തിക സർവേ, കരുതൽ, സ്ഥിരത, പ്രതീക്ഷ

Tuesday 23 July 2024 12:01 AM IST

കൊച്ചി: ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ കണക്കിലെടുത്ത് സാമ്പത്തിക വളർച്ചയ്ക്ക് ഊന്നൽ നൽകുന്നതിനൊപ്പം വെല്ലുവിളികളെ നേരിടാനും തയ്യാറെടുക്കണമെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു. കൊവിഡാനന്തരം മികച്ച വളർച്ചയിലേക്ക് മടങ്ങിയെത്തിയെങ്കിലും ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികൾ ‌ഏറെയാണെന്നും 476 പേജുള്ള സർവേ പറയുന്നു. സാമ്പത്തിക മേഖലയിലെ ഉണർവ് നിലനിറുത്താൻ വ്യാപാരം, നിക്ഷേപം, അന്തരീക്ഷം എന്നീ മേഖലകളിൽ കാലികമായ മാറ്റങ്ങൾ വേണം. നികുതി നയങ്ങൾ സാമ്പത്തിക മേഖലയിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിന് സഹായിക്കും.. സൗരോർജ പാനലുകളും പ്രധാനപ്പെട്ട ധാതുക്കളിലും ചൈനയെ അധികമായി ആശ്രയിക്കുന്നതിൽ മാറ്റം വരുത്തണമെന്നും നിർദേശിക്കുന്നു. നിർമ്മാണ മേഖലയിൽ ചെറുകിട, വ്യവസായ മേഖലയുടെ പങ്കാളിത്തം തുടർച്ചയായി മെച്ചപ്പെടുകയാണ്.

ഇന്ത്യയിൽ ഊഹക്കച്ചവടത്തിന് സ്ഥാനമില്ല

ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്ഷൻസ് വ്യാപാരത്തിൽ ഇന്ത്യ പോലുള്ള വികസ്വര സാമ്പത്തിക മേഖലയിലെ ചെറുകിട നിക്ഷേപകർ പങ്കെടുക്കുന്നത് ആരോഗ്യകരമല്ലെന്ന് സാമ്പത്തിക സർവേ. വിപണിയിൽ കനത്ത തകർച്ചയുണ്ടാകുന്നതോടെ നിക്ഷേപകർക്ക് ചതിക്കപ്പെട്ടുവെന്ന തോന്നലുണ്ടാകും. ഡെറിവേറ്റീവ് വ്യാപാരം ആഗോള വ്യാപകമായി നിക്ഷേപകർക്ക് നഷ്‌ടം മാത്രമാണ് നൽകിയിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഐ.ടി മേഖലയിൽ തൊഴിൽ ലഭ്യത കൂടാനിടയില്ല

ആഗോള മേഖലയിലെ പ്രതിസന്ധികൾ മൂലം രാജ്യത്തെ ഐ.ടി കമ്പനികളുടെ റിക്രൂട്ട്‌മെന്റ് ഉടനെയൊന്നും മെച്ചപ്പെടില്ലെന്ന് സാമ്പത്തിക സർവേ.

Advertisement
Advertisement